കടല്‍ വഴിയുള്ള ആക്രമണം തടയാന്‍ കോസ്റ്റ് ഗാര്‍ഡ് സജ്ജമല്ലെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി

 

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ സമുദ്രത്തിലൂടെയുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ എതിരിടാന്‍ കോസ്റ്റ് ഗാര്‍ഡ് സജ്ജമല്ലെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ആര്‍.കെ. മാതുര്‍. സമുദ്രമേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ കോസ്റ്റ് ഗാര്‍ഡ് വളരെ പിന്നിലാണ്. അനധികൃതമായി കയറുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ ചിലപ്പോള്‍ സാധിക്കാതെ വന്നേക്കാമെന്നും മാതുര്‍ പറയുന്നു.

മുംബൈ ഭീകരാക്രമണം പോലെ കടല്‍വഴിയുള്ള ആക്രമണം ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നു സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബിജെപി ഓഫിസുകള്‍ക്കു നേരെയും ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യോമ സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല. പാരാഗ്ലൈഡിങ് വഴി ആക്രമണം നടത്തിയേക്കാമെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. ഏതുതരത്തിലുള്ള ആക്രമണവും നേരിടുന്നതിനു തയാറാകണമെന്നു സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മേഖലയില്‍ ഭീകരസംഘടനയായ അല്‍ ഖായിദ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്.

ബിജെപി ഓഫിസുകള്‍, വിനോദസഞ്ചാര മേഖലകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, വ്യോമഗതാഗതം, റയില്‍വേ തുടങ്ങിയവയ്‌ക്കെതിരെ അല്‍ ഖായിദ ആക്രമണത്തിനു പദ്ധതിയിട്ടേക്കുമെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. പൈലറ്റില്ലാ വിമാനങ്ങള്‍, റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്നവ, പാരാഗ്ലൈഡര്‍, ഹാങ് ഗ്ലൈഡര്‍, തുറന്ന പ്രദേശങ്ങളില്‍ നിന്നുള്ള ആക്രമണം, ഉപേക്ഷിക്കപ്പെട്ട എയര്‍ സ്ട്രിപ്പുകള്‍ എന്നിവ ഉപയോഗിച്ചാകും ആക്രമണമുണ്ടാകുക. ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം പരിശോധിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ട്.

കാബുള്‍ ഡല്‍ഹി സെക്ടറുകളില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം തട്ടിയെടുത്തു കൊണ്ടുള്ള ആക്രമണത്തിന് പാക്കിസ്ഥാന്‍ പദ്ധതി തയാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഎസ്‌ഐയുടെ സഹായത്തോടെ ഇത്തരത്തിലൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായായിരുന്നു റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.