കുട്ടിക്കടത്ത്: സിബിഐ അന്വേഷണത്തെ ചോദ്യംചെയ്ത് അനാഥാലയങ്ങളുടെ ഹര്‍ജി:ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ ആരോപണം

 

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തിയ കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ അനാഥാലയങ്ങളുടെ ഹര്‍ജി. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിടണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിന്നത്. കേസില്‍ ആരോപണവിധേയരായ മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് അന്യസംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കോടതി നിര്‍ദ്ദേശങ്ങളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

കേസില്‍ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്തര്‍സംസ്ഥാന വിഷയമായതിനാല്‍ കേസ് ദേശീയ ഏജന്‍സിയായ സിബിഐ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് നിരീക്ഷിച്ചായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അനാഥാലയങ്ങളെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.