സ്വാതന്ത്ര്യ ദിനത്തില്‍ മാത്രമല്ല സ്വാതന്ത്യം വേണ്ടത്, അത് എന്നും എപ്പോഴുമാണ്: തടവുകാരുടെ ശിക്ഷാ ഇളവ് പട്ടികയില്‍ 115 പേര്‍; കൂട്ടത്തില്‍ 91വയസുള്ള വൃദ്ധയും…

 

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷാ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ലിസ്റ്റില്‍ 115 തടവുകാര്‍. ഇതില്‍ ഏറെയും ജീവപര്യന്തം തടവുകാരാണ്. 14 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും 75 വയസ് കഴിഞ്ഞവരേയും ചെയ്ത കുറ്റം നോക്കാതെ വിട്ടയക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശ. കൊലപാതകേസിലെ പ്രതികളാണ് ലിസ്റ്റില്‍ കൂടുതലും. ലിസ്റ്റില്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയുമുണ്ട്. 75ന് മുകളില്‍ പ്രായമുള്ള ഇരുപതിലേറെപേരുള്ളതില്‍ ഏറ്റവും പ്രായമുള്ളത് 91 വയസുകാരിയായ യശോദാമ്മയെന്ന തടവുകാരിയാണ്.

തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ഗവര്‍ണറോടാവശ്യപ്പെടാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മോചിപ്പിക്കാനുള്ള തടവുകാരുടെ ലിസ്റ്റ് കഴിഞ്ഞവര്‍ഷവും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പി. സദാശിവം ഗവര്‍ണറായി ചാര്‍ജെടുത്തശേഷം ജയില്‍വകുപ്പ് പുതിയ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞയാഴ്ച്ച സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ലിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണറുടെ ഓഫീസിന് കൈമാറുകയായിരുന്നു.

രാഷ്ട്രീയ തടവുകാര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ലെന്ന് ജയില്‍ ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി. വാടക കൊലയാളികള്‍ കലാപകേസ് പ്രതികള്‍,സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവര്‍ എന്നിവര്‍ക്കൊന്നും ശിക്ഷയില്‍ ഇളവ് ലഭിക്കില്ല.

ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള വിലക്ക് ഉപാധികളോടെ കഴിഞ്ഞമാസം സുപ്രീംകോടതി നീക്കിയിരുന്നു. ടാഡ പ്രതികള്‍,ബലാത്സംഗം ചെയ്തു കൊന്ന പ്രതികള്‍, ജീവിതാവസാനംവരെ തടവെന്നു കോടതി വിധിച്ചവര്‍ ഇവര്‍ക്കൊന്നും മോചനം നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ തീരുമാനനുസരിച്ച് തടവുകാര്‍ക്ക് മോചനം ലഭിക്കും.

COURTESY: ULLAS ILANKATH

MANORAMA

© 2024 Live Kerala News. All Rights Reserved.