പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ ബലിയിട്ടു

 

ആലുവ: പിതൃതര്‍പ്പണ പുണ്യവുമായി ആയിരങ്ങള്‍ കര്‍ക്കടക വാവുബലിയിട്ടു. കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ പിതൃ മോക്ഷപ്രാപ്തിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണചടങ്ങുകള്‍ നടക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശിനി, ആലുവ മണപ്പുറം, പാലക്കാട് തിരുവില്വാമല, തിരൂര്‍ തിരുനാവായ, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, വയനാട് തിരുനെല്ലി എന്നിങ്ങനെ പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. ഇതുകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌നാനഘട്ടങ്ങള്‍ക്ക് സമീപമുള്ള ക്ഷേത്രങ്ങളിലും കര്‍ക്കടകവാവ് ചടങ്ങുകള്‍ നടന്നുവരുന്നു. പിതൃതര്‍പ്പണം പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ രാവിലെ പ്രത്യേക പൂജകള്‍ നടന്നു.

ആലുവ മണപ്പുറത്ത് പതിവുപോലെ ഇത്തവണയും പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളും വാവിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. പുഴയുടെ ആഴമേറിയ ഭാഗത്ത് പ്രത്യേകം ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന സുരക്ഷാക്രമീകരണങ്ങളുമായി പോലീസും ഹിന്ദുസംഘടനകളും ഭക്തജനങ്ങള്‍ക്ക് സഹായത്തിനുണ്ടായിരുന്നു.

പുലര്‍ച്ചെ നാല് മണിക്കാണ് ബലിതര്‍പ്പണം ആരംഭിച്ചത്. 65 ഓളം ബലിപ്പുരകളാണ് മണപ്പുറത്ത് താത്കാലികമായി ക്രമീകരിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.