പോലിസിന് കഴിയാത്തത് പൊതുജനം ചെയ്തു. ചാവക്കാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

തൃശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. കേസിലെ രണ്ടാം പ്രതി പുത്തന്‍കടപ്പുറം സ്വദേശി അന്‍സാറാണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് ദിവസമായി പോലീസ് ഇയാള്‍ക്കായി തിരിച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ നിന്ന് തന്നെ നാട്ടുകാര്‍ ഇയാളെ പിടിച്ചത്.

അതേസമയം, ഹനീഫ വധക്കേസ് പ്രത്യേക അന്വേഷകസംഘാഗമായിരുന്ന ചാവക്കാട് സിഐ അബ്ദുല്‍ മുനീറിനെ സ്ഥലംമാറ്റി. മുനീറിനെ സ്ഥലംമാറ്റണമെന്ന് ഹനീഫയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ സിഐ കെ.സുദര്‍ശനും സ്ഥലംമാറ്റമുണ്ട്.

ഹനീഫ കൊലപാതകത്തെ തുടര്‍ന്നുണ്ടായ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായി. ഡിസിസിയുടെ പരിപാടികളുമായി സഹകരിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. എഐസിസി സെക്രട്ടറി ദീപക് ബാബ്‌റിയയും സി.എന്‍.ബാലകൃഷ്ണനുമായി ചര്‍ച്ചനടത്തിയിരുന്നു. ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കെപിസിസി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ നിന്നും സി.എന്‍.ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.