കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും അമ്പിളിക്കു വേണ്ടി, ആ ഹൃദയവും ശ്വാസകോശവും ഇനി അമ്പിളിക്ക്‌ സ്വന്തമാവും.. ശസ്ത്രക്രിയ ആരംഭിച്ചു

 

കോട്ടയം: കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുടെ കരുത്തില്‍ അമ്പിളി ഫാത്തിമ പുഞ്ചിരിയോടെ ഓപ്പറേഷന്‍ തിയറ്ററിലേക്കുപോയി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിന് ശസ്ത്രക്രിയ ആരംഭിച്ചു. എട്ടുമുതല്‍ 15 മണിക്കൂര്‍ വരെ ശസ്ത്രക്രിയ നീണ്ടുനില്‍ക്കുമെന്നു നേതൃത്വം നല്‍കുന്ന ഡോ. സുന്ദര്‍ അമ്പിളിയുടെ ബന്ധുക്കളെ അറിയിച്ചു. ഇന്നലെ രാത്രി 10.30ന് മസ്തിഷ്‌കമരണം സംഭവിച്ച രോഗിയുടെ ബന്ധുക്കള്‍ ഹ്യദയവും ശ്വാസകോശവും ദാനം നല്‍കാന്‍ തയാറെടുക്കുകയായിരുന്നു. എല്ലാ രീതിയിലും ആരോഗ്യമുള്ളഹ്യദയവും ശ്വാസകോശങ്ങളുമാണ് ലഭിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവയവങ്ങള്‍ അമ്പിളിയുടെ ശരീരത്തിനു ചേരുമോയെന്ന പരിശോധനയും രണ്ടു മണിക്കൂര്‍ കൊണ്ട് തന്നെ പൂര്‍ത്തിയായി.

രണ്ടാമത്തെ വയസില്‍ ബോധംകെട്ടുവീണപ്പോഴാണ് അമ്പിളിയുടെ ഹ്യദയത്തിലൊരു സുക്ഷിരമുള്ളത് കണ്ടെത്തി. ഹ്യദയത്തിന്റെ മുകളിലെ അറയിലെ ഈ സുക്ഷിരം വഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമാണ് അമ്പിളിയ്ക്ക്. ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയാണ് അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പ്രാരംഭമായി തന്നെ നാല്‍പത് ലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു.
സിഎംഎസ് കോളജില്‍ എംകോം അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകള്‍ അമ്പിളി ഫാത്തിമ(22).