‘എസ്എഫ്ഐയ്ക്കെതിരെ നടക്കുന്നത് ഗൂഢാലോചന, അന്വേഷണം നടത്തണം’ എം വി ഗോവിന്ദൻ

പാലക്കാട് : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരീക്ഷാ ഫലം തിരുത്തിയ സംഭവത്തിൽ എസ്എഫ്ഐയ്ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഇതിൽ പൂർണ രീതിയിലുള്ള അന്വേഷണം നടത്തണം. ഏത് തരത്തിലുള്ള ഗൂഢാലോചനയാണെന്ന് പരിശോധിച്ചാലെ പറയാനാകൂ. എസ്എഫ്ഐയെ കുറ്റപ്പെടുത്തികൊണ്ട് വാർത്തകൾ ചമയ്‌ക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണം. പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ..? അസംബന്ധപരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് വലിയ വാർത്തയാകുകയും എസ്എഫ്ഐയെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരോപണത്തിന് പിന്നിലും അത് വാർത്തയായതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസിലെ വിദ്യാർഥിനി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ കൃത്യമായ പരിശോധന നടക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സംരക്ഷിക്കില്ല. തെറ്റായ രീതിയിൽ പ്രചരണം നടത്തുന്ന ഒന്നിന്റെയും പിന്നിൽ നിൽക്കുകയുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.