സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കും, ലിഡാർ സർവ്വേ നടത്താനൊരുങ്ങി റെയിൽവേ

സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലിഡാർ സർവ്വേ നടത്താനൊരുങ്ങി റെയിൽവേ. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ലിഡാർ സർവ്വേ നടത്തുന്നത്. ഈ മാസം അവസാനത്തോടെ സർവ്വേയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നതാണ്. ഒക്ടോബറോടെയാണ് സർവ്വേ റിപ്പോർട്ട് സമർപ്പിക്കുക.

ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ലിഡാർ സർവ്വേ നടത്തുന്നത്. ഹൈദരാബാദിലെ ആർവി അസോസിയേറ്റിനാണ് സർവ്വേയുടെ ചുമതല. ഹെലികോപ്റ്റർ ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനാൽ ഭൂപരമായ എല്ലാ പ്രത്യേകതകളും കൃത്യമായി രേഖപ്പെടുത്തുന്നതാണ്. റിപ്പോർട്ട് അംഗീകരിച്ചാൽ രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കാനും, പിന്നീട് മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനുമാണ് പദ്ധതിയിടുന്നത്.

കേരളത്തിൽ റെയിൽവേ ലൈനിന്റെ 35 ശതമാനത്തോളം വളവുകളാണ്. 626 വളവുകളിൽ 200 എണ്ണം കൊടും വളവുകളായാണ് കണക്കാക്കുന്നത്. അതിവേഗ ട്രെയിനുകൾ ഓടിക്കാനായി വളവുകൾ പരമാവധി നിവർത്തുന്നതിനാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലിഡാർ സർവ്വേ നടത്തുന്നത്. 2024- ൽ ഷൊർണൂർ- തിരുവനന്തപുരം റൂട്ടിലും, 2025- ൽ ഷൊർണൂർ മംഗലാപുരം റൂട്ടിലുമാണ് വേഗത 160 കിലോമീറ്ററായി ഉയർത്താനുള്ള നടപടികൾ ആരംഭിക്കുക.

© 2024 Live Kerala News. All Rights Reserved.