പുട്ടിനെ വധിക്കാൻ ഡ്രോൺ അയച്ചെന്ന് റഷ്യ; ആരോപണം നിഷേധിച്ച് സെലൻസ്കി

കൈവ് : പ്രസിഡന്റ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ക്രെംലിനിലിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോൾ വേണമെങ്കിലും തിരിച്ചടി നൽകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ റഷ്യ തകർത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈൻ ശ്രമം എന്നാണ് റഷ്യൻ ആരോപണം. എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രസിഡന്റും ഔദ്യോഗികവസതിയായ ക്രെംലിൻ കൊട്ടാരവും പൂർണ്ണ സുരക്ഷിതമാണ്. ആസൂത്രിത ഭീകരാക്രമണമാണ് യുക്രൈൻ നടത്തിയതെന്നും റഷ്യ ആരോപിച്ചിരുന്നു. ആക്രമണത്തിന്റേതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ”കഴിഞ്ഞ ദിവസം രാത്രി, കീവ് ക്രെംലിൻ കൊട്ടാരത്തിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ചു. രണ്ട് ആളില്ലാ വിമാനങ്ങൾ ക്രെംലിൻ ലക്ഷ്യമാക്കി എത്തി. സൈന്യവും പ്രത്യേക സേനകളും സമയബന്ധിതമായി സ്വീകരിച്ച നടപടികളുടെ ഫലമായി വിമാനങ്ങൾ നിഷ്ക്രിയമാക്കി” പുടിന്റെ ഓഫീസ് പറഞ്ഞു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. യുക്രൈൻ ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റിന് പരിക്കേറ്റിട്ടില്ല,” പ്രസ്താവന കൂട്ടിച്ചേർത്തു. മോസ്കോയിൽ ഡ്രോൺ വിക്ഷേപണം നിരോധിച്ചു. സർക്കാർ ചുമതലപ്പെടുത്തിയ ഡ്രോണുകളെ മാത്രമേ നിരോധനത്തിൽ നിന്ന് ഒഴിവാക്കുകയുള്ളു എന്നും മോസ്കോ മേയർ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.