ക്വിത്‌റോച്ചിയെ സഹായിക്കാന്‍ രാജീവ്ഗാന്ധി എത്ര പണം വാങ്ങിയെന്ന് രാഹൂല്‍ അമ്മയോട് ചോദിക്കണം: കോണ്‍ഗ്രസ്സിനെ ലോക്‌സഭയില്‍ വെള്ളം കുടിപ്പിച്ച് സുഷമ സ്വരാജ്‌… സുഷമ സ്വരാജിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം..

ന്യൂദല്‍ഹി: ലളിത് മോദി വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലളിത് മോദിയെ ഭാരതത്തിലെത്തിക്കാന്‍ ഒരു കത്തുപോലും എഴുതാത്ത കോണ്‍ഗ്രസ് അനാവശ്യ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം പണം വാങ്ങി. ഭോപ്പാല്‍ ദുരന്ത കേസില്‍ വാറന്‍ ആന്‍ഡേഴ്സനെ രാജീവ് ഗാന്ധി സഹായിച്ചു. ക്വത്റോച്ചിയെ രാജ്യം വിടാന്‍ സഹായിച്ചതും രാജീവ് ഗാന്ധിയാണ്. ഇവരില്‍നിന്ന് എത്ര പണം വാങ്ങിയെന്ന് രാഹുല്‍ അമ്മയോടു ചോദിക്കണം. കുടുംബ സഹൃത്തിനെ രക്ഷിക്കാന്‍ രാജീവ് രഹസ്യമായി അമേരിക്കയിലെത്തിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് ചര്‍ച്ച തുടങ്ങി വച്ചത്. ഉച്ചയ്ക്ക് രണ്ടര മണിമുതല്‍ രണ്ടര മണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ ഏത് വിഷയത്തെപ്പറ്റിയും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. വിഷയം ലോക്‌സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിക്കണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. താന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മുഴുവനായും സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നും സുഷമ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് തയാറാണന്ന് പ്രതിപക്ഷവും സഭയില്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി. പ്രമേയത്തിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കി പ്രമേയം അവതരിപ്പിക്കണമെന്ന അവരുടെ ആവശ്യം സ്പീക്കര്‍ തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയാലേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളെന്നും പ്രധാനമന്ത്രി വിഷയത്തില്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നിലപാടിനെതിരേ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി സഭയില്‍ ഇല്ല എന്ന വിഷയം എടുത്തു കാട്ടി ചര്‍ച്ചയില്‍ നിന്നും പിന്‍മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തൊരു ഗവണ്‍മെന്റിനെ സഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയിറ്റ്‌ലി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. രാജ്യസഭ രണ്ടു തവണ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.