സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷന്‍ കാവേരി’

ദില്ലി: ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷന്‍ കാവേരി എന്നു പേരിട്ട രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ട്വീറ്റ് ചെയ്തത്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎന്‍എസ് സുമേധ എന്ന കപ്പല്‍ സുഖാന്‍ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

സുഡാന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500 ഇന്ത്യക്കാര്‍ ഇതിനകം സുഖാന്‍ തുറമുഖത്ത് എത്തിക്കഴിഞ്ഞു. അനേകം ഇന്ത്യക്കാര്‍ തുറമുഖത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇവരെ അതിവേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.

വിവിധ വിദേശരാജ്യങ്ങള്‍ ഇതിനകം സ്വന്തം രാജ്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്ക അവരുടെ മുഴുവന്‍ പൗരന്‍മാരെയും സുഡാനില്‍നിന്നും രക്ഷപ്പെടുത്തി. തലസ്ഥാനമായ ഖാര്‍ത്തൂമിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരടക്കം നിരവധി പേരെ സുഡാനില്‍നിന്നും രക്ഷപ്പെടുത്തി സൗദിയില്‍ എത്തിച്ചതായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.