രാഹുല്‍ വിദേശത്ത് ആരെയാണ് കാണുന്നത്? ഗുലാം നബി ആസാദ് അത് വ്യക്തമാക്കണം: ബിജെപി

ന്യൂഡല്‍ഹി: ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. രാഹുല്‍ വിദേശത്ത് വെച്ച് കളങ്കിതമായ വ്യക്തികളെ കാണുന്നുണ്ടെന്നും അത് ആരാണെന്ന് തനിക്കറിയാം എന്നുമായിരുന്നു ഗുലാംനബിയുടെ പരാമര്‍ശം. എന്നാല്‍ നെഹ്റു കുടുംബത്തോട് ബഹുമാനമുള്ളതിനാല്‍ താന്‍ അത് തുറന്നു പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുലാംനബിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, രാഹുല്‍ വിദേശത്ത് ആരെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗുലാംനബിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം, രാഹുലിനെ ആരും വഴിതെറ്റിക്കുന്നില്ലെന്നും സ്വയം വഴിതെറ്റുന്നതാണെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ നിന്നും യുവ നേതാക്കള്‍ പുറത്ത് പോകുന്നത് നേതൃത്വത്തിന് കഴിവില്ലാത്ത കൊണ്ടാണ്. അനില്‍ കെ ആന്റണി ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിന്റെ ദൗര്‍ഭാഗ്യമാണ്. അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഇപ്പോഴത്തെ നേതാക്കള്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

© 2023 Live Kerala News. All Rights Reserved.