സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ്‌വരെ വലുപ്പമുള്ള ദ്വാരങ്ങൾ രൂപപ്പെട്ടു

വാഷിംഗ്ടൺ: ഭൂമിയുടെ വലുപ്പത്തെക്കാൾ 20 മുതൽ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങൾ സൂര്യനിൽ രൂപപ്പെട്ടതായി കണ്ടെത്തി നാസ. സൂര്യന്റെ നാം കാണുന്ന ഭാഗമായ പ്രഭാമണ്ഡലത്തിൽ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. സൂര്യനിൽ വലിയ ദ്വാരങ്ങൾ പോലെ ഇവ കാണാം. മാ‌ർച്ച് മാസമാദ്യം ഭൂമിയെക്കാൾ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കാൾ അൽപം വലുപ്പം കുറഞ്ഞ മറ്റൊരു സൗരകളങ്കം കണ്ടെത്തിയത്. ഇതിനും ഭൂമിയെക്കാൾ 18 മുതൽ 20 മടങ്ങ് വലുപ്പമുണ്ട്.

ഇവയിൽ ആദ്യത്തെ ദ്വാരം ശക്തമായ സൗരകൊടുങ്കാറ്റിന് വഴിയൊരുക്കി. ഇത് ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങൾക്കും ധ്രുവദീപ്‌തിയെ വരെ ബാധിക്കുകയും ചെയ്‌തു. രണ്ടാമത് കണ്ട സൗരകളങ്കത്തെ ആസ്‌പദമാക്കി യുഎസ് നാഷണൽ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷൻ (എൻഒഎഎ) ഈ ആഴ്‌ച അവസാനത്തോടെ സൗരകാറ്റിൽ ശക്തി വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 18ലക്ഷം മൈൽ വേഗമേറിയ സൗര കാറ്റ് ഭൂമിയിലേക്ക് വെള്ളിയാഴ്‌ചയോടെ എത്തുമെന്നാണ് കരുതുന്നത്. ഈസമയം ധ്രുവപ്രദേശത്ത് ധ്രുവദീപ്‌തി വ്യക്തമാകാൻ ഇടയുണ്ട്. ഇവ കൃത്രിമോപഗ്രഹങ്ങളെ ദോഷമായി ബാധിക്കാനും അതേസമയം മനുഷ്യർക്ക് മനോഹരമായ ധ്രുവദീപ്‌തി സമ്മാനിക്കാനും സാദ്ധ്യതയുണ്ട്.

സൂര്യന്റെ ഏറ്റവും പുറമേയുള്ള പ്ളാസ്‌മ നിറഞ്ഞ ഭാഗമായ കൊറോണയിൽ കാണുന്ന കൊറോണൽ ദ്വാരത്തിൽ നിന്നാണ് സൗരകൊടുങ്കാറ്റ് ഉണ്ടാകുന്നത്. സൂര്യന്റെ മറ്റ് ഭാഗത്തെ അപേക്ഷിച്ച് അൽപം തണുത്ത ഭാഗമായ ഇവിടം ഇരുണ്ട് ദ്വാരമായി നമുക്ക് കാണപ്പെടും.

സൂര്യനിൽ ഇടയ്‌ക്കിടെ കടുത്ത റേഡിയേഷൻ വമിക്കുന്ന പൊട്ടിത്തെറികളായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. ഇവ മിനുട്ടുകളോ മണിക്കൂറുകളോ നീണ്ടുനിൽക്കുന്നവയാണ്. ഇവയിൽ പല കാറ്റഗറികളിലായി അപകടമില്ലാത്തവ മുതൽ ഭൂമിയെ തീവ്രമായി ബാധിക്കുന്നവ തന്നെയുണ്ടാകാം. 2019 ഡിസംബർ മുതൽ സൂര്യനിൽ ഇത്തരം പ്രതിഭാസങ്ങൾ മുൻപത്തെക്കാൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.