‘മിഷൻ അരിക്കൊമ്പൻ’; ചിന്നക്കനാലിൽ രണ്ടുദിവസം നിരോധനാജ്ഞ

കുമളി: ഇടുക്കിയിൽ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ചിന്നക്കനാൽ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായി ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും നിയന്ത്രണമേർപ്പെടുത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു.

അതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. കുങ്കിയാനകൾ എത്താൻ വൈകിയതിനെ തുടർന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം മാർച്ച് 26ലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ നാലിന് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം. ഇതിന് മുന്നോടിയായി 25ന് മോക് ഡ്രിൽ നടത്തും.

ചിന്നക്കനാലിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 301 കോളനിയിൽ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാൽ ഇവിടെ നിന്നും ആളുകളെ മാറ്റുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്. അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് ഡോർമറ്ററിയിൽ യോഗം നടന്നിരുന്നു.

യോഗത്തിൽ അരിക്കൊമ്പനെ പിടികൂടുമ്പോൾ മേഖലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്തു. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസിൽവേറ്റർ അരുൺ ആർ എസ് ഡി എഫഒ രമേഷ് ബിഷ്‌ണോയ്, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

കോളനിയിൽ ഡമ്മി റേഷൻകട സജ്ജമാക്കി ഒറ്റയാനെ കെണിവെച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവിടെ കഞ്ഞി വെച്ച് ആൾതാമസമുണ്ടെന്ന സാഹചര്യം ഒരുക്കും. ഇവിടേക്ക് അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.

മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഗതാഗതം നിയന്ത്രിക്കും. ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള കൊമ്പൻ ഇതുവരെ 12ൽ അധികം ആളുകളെ കൊന്നിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.