‘ബിസിനസ് ക്ലാസിൽ യാത്ര ചെയ്യരുത്, സ്റ്റാർ ഹോട്ടലിൽ താമസിക്കരുത്‌’; മന്ത്രിമാരോട് പാക് പ്രധാനമന്ത്രി

കറാച്ചി: കടക്കെണിയിൽ വലയുന്ന പാകിസ്ഥാനിൽ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി മന്ത്രിമാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇനിമുതൽ മന്ത്രിമാർ വിമാനത്തിൽ ബിസിനസ് ക്ലാസ് യാത്രകൾ നടത്തുവാനോ വിദേശ രാജ്യങ്ങളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുവാനോ പാടില്ലെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടിക്കുറച്ച് കർശന നിയന്ത്രണങ്ങളാണ് പാകിസ്ഥാനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

746 ദശലക്ഷം ഡോളറാണ് പാകിസ്ഥാന്റെ കടബാധ്യത. അതിന് പുറമെ, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകേറാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് 6.5 ബില്യൺ ഡോളർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സാമ്പത്തിക പ്രതിസന്ധി മടികടക്കാൻ ജൂലായിൽ വരുന്ന ബജറ്റിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

ജനസംഖ്യയിൽ ലോകത്ത് അഞ്ചാം സ്ഥാനത്തായി നിൽക്കുന്ന പാകിസ്ഥാനിൽ കഴിഞ്ഞ മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടൊണ് കടന്നുപോകുന്നത്. സാർവ മേഖലയിലും വിലക്കയറ്റം രൂക്ഷമായി. ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തി. ജനം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മന്ത്രിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോ​ഗസ്ഥരും അവരുടെ ശമ്പളം സ്വമേധയാ വിട്ടു നൽകിയിരിക്കുകയാണെന്നും ഷെരീഫ് പറയുന്നു. അടുത്ത വർഷം വരെ ആഢംബര സാധനങ്ങൾ വാങ്ങുന്നതിനും കാറുകൾ വാങ്ങുന്നതിനും സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും. ഇറക്കുമതി ചെയ്യുന്ന ആഢംബര വസ്തുക്കൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്താനും പാർലമെന്റിൽ തീരുമാനമെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.