ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം, അത് ഭരണഘടനാപരം’ : സുപ്രീം കോടതി

ന്യൂഡൽഹി: നിലവിലുള്ള ഏതു സംസ്ഥാനത്തെയും പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ സാധിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അത് ഭരണഘടനാപരമാണെന്നും അതിനെ എതിർക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ മണ്ഡല പുനഃക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടി ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ, പുനഃക്രമീകരണ കമ്മിഷൻ രൂപീകരിച്ചതു ശരിവയ്ക്കുന്നതിനെ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൽ ഗനി ഖാനും ഡോ.മുഹമ്മദ് അയൂബ് മട്ടുവുമാണ് കമ്മിഷൻ രൂപീകരണം ചോദ്യം ചെയ്ത് ഹർജി നൽകിയത്.

© 2024 Live Kerala News. All Rights Reserved.