ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി

റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി- പ്രാദേശിക വിഷയങ്ങളില്‍ ഇരു രാജ്യവും വിശദമായ ചര്‍ച്ച നടത്തിയതായി റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നീക്കം തുടരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം.

ബുധനാഴ്ച റഷ്യ ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ സെക്യൂരിറ്റി കൗണ്‍സില്‍/എന്‍എസ്‌എ സെക്രട്ടറിമാരുടെ അഞ്ചാമത് യോഗത്തിലും ഡോവല്‍ പങ്കെടുത്തു. ഭീകരവാദത്തിനായി അഫ്ഗാനെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കരുതെന്നും അഫ്ഗാന്‍ ജനതയെ ഇന്ത്യ ഒരിക്കലും കൈവിടില്ലെന്നും ഡോവല്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സന്ദര്‍ശിച്ച്‌ മൂന്ന് മാസത്തിന് ശേഷമാണ് ഡോവലിന്റെ സന്ദര്‍ശനം.

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെയുള്ള സാമ്ബത്തിക ഇടപെടല്‍ വിപുലീകരിക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യ വ്യാപാരം ശക്തിപ്പെടുത്തിയത്. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണവും ശക്തമാണ്.

ഇന്ത്യയും റഷ്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് പദ്ധതി തുടരും. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. അധിനിവേശത്തില്‍ റഷ്യയെ അപലപിക്കുന്ന നിരവധി യുഎന്‍ പ്രമേയങ്ങളില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ദില്ലിയില്‍ നടക്കുന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശനം.

© 2024 Live Kerala News. All Rights Reserved.