അയോധ്യയിലെ രാമജന്മഭൂമി സമുച്ചയം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു അജ്ഞാതന്റെ ഫോൺ കോൾ അയോധ്യ നിവാസിക്ക് ലഭിച്ചതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തെ രാംകോട്ട് പ്രദേശത്ത് താമസിക്കുന്ന മനോജിനാണ് കോൾ ലഭിച്ചത്.
തന്റെ മൊബൈൽ ഫോണിൽ വന്ന കോളിനെ കുറിച്ച് ഇയാൾ പോലീസിനെ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് സ്‌ഫോടനം നടത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വിവരം ലഭിച്ചയുടൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും പോലീസ് ജാഗ്രതാ നിർദേശം നൽകി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് രാമജന്മഭൂമി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സഞ്ജീവ് കുമാർ സിംഗ് പറഞ്ഞു.വിളിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.