ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച ആലോചിക്കാം: ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ സമാധാന ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന് പാകിസ്ഥാന്‍ വിഷയത്തില്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ചര്‍ച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കിയത്. നല്ല അയല്‍ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അരിന്ദം ബാഗ്ച്ചി ഇക്കാര്യം അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.