മാതാവ് ഹീരാബെന്നിന്റെ മരണാനന്തരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബംഗാളില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ളാഗ് ഒഫ് ചെയ്യത് മോദി

കൊല്‍ക്കത്ത: അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കര്‍ത്തവ്യനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാവ് ഹീരാബെന്നിന്റെ മരണാനന്തരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബംഗാളില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് ഫ്ളാഗ് ഒഫ് ചെയ്യാനാണ് മോദി പോയത്.

ഹൗറയില്‍ നിന്ന് ന്യൂ ജല്‍പൈഗുരിയിലേക്കുള്ള വന്ദേഭാരതിന്റെ ഫ്ളാഗ് ഒഫ്, വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി നിര്‍വഹിച്ചത്. ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്നിഹിതയായിരുന്നു.

മോദിയുടെ അമ്മയുടെ വേര്‍പാടില്‍ മമത ദുഖം രേഖപ്പെടുത്തി. ദയവായി കുറച്ച്‌ വിശ്രമിക്കൂവെന്നാണ് മോദിയോട് മമത ആവശ്യപ്പെട്ടത്. ”അമ്മയുടെ മരണത്തില്‍ എങ്ങനെയാണ് താങ്കളെ ആശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ അമ്മ ഞങ്ങളുടേത് കൂടിയാണ്. എനിക്ക് എന്റെ മാതാവിനെ ഈ നിമിഷത്തില്‍ ഓര്‍മ്മ വരികയാണ്.” – മമത പറഞ്ഞു.

അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച്‌ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഹീരാബെന്‍ മോദിയുടെ അന്ത്യം. അമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടന്‍ ഡല്‍ഹിയിലായിരുന്ന പ്രധാനമന്ത്രി ഗുജറാത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഗാന്ധിനഗറിന് സമീപമുള്ള റെയ്സാനിലെ വസതിയിലെത്തിയ മോദി അമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

© 2024 Live Kerala News. All Rights Reserved.