മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്: കാൽക്കോടി അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ ലിഫ്റ്റ് പണിയാൻ കാൽകോടി അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ക്ലിഫ് ഹൗസിൽ പാസഞ്ചർ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് അഡീഷണൽ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ചെലവ് ചുരുക്കണമെന്ന ധനവകുപ്പിൻ്റെ നിർദ്ദേശം നിലനിൽക്കെ, ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നതെന്നാണ് സൂചന.

നേരത്തെ ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂൺ 22നാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെയുള്ള ഈ നടപടി ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ലിഫ്റ്റ് പണിയുന്നതിനായി തുക അനുവദിച്ചത്.

© 2024 Live Kerala News. All Rights Reserved.