കങ്കാരുക്കളുടെ മുന്നില്‍ ഇന്ത്യന്‍ യുവനിരയ്ക്കു വീണ്ടും അടിതെറ്റി..

ചെന്നൈ: കങ്കാരുക്കളുടെ മുന്നില്‍ ഇന്ത്യന്‍ യുവനിരയ്ക്കു വീണ്ടും അടിതെറ്റി. എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നു തുടര്‍ച്ചയായ രണ്ടാംദിനം കളിക്കാനിറങ്ങിയ ഇന്ത്യയെ മൂന്നുവിക്കറ്റിനാണ് തോല്പിച്ചത്. സ്‌കോര്‍: ഇന്ത്യ ഒന്‍പതിന് 258, ഓസ്‌ട്രേലിയ 48.3 ഓവറില്‍ ഏഴിന് 262. 39 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആസ്റ്റണ്‍ ആഗറാണ് കളിയിലെ താരം. 46 പന്തുകള്‍ നേരിട്ട് 23 റണ്‍സെടുത്ത സഞ്ജു വി. സാംസണിനു തിളങ്ങാനായില്ല.

ബാറ്റിംഗിലും ബൗളിംഗിലും ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാവാത്തതാണ് ഇന്ത്യക്കു തിരിച്ചടിയായത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരുഘട്ടത്തില്‍ ഒരുവിക്കറ്റിന് 98 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ മധ്യനിരയില്‍ കളി മറന്നത് തിരിച്ചടിയായി. കഴിഞ്ഞ കളിയിലെ സെഞ്ചുറിവീരന്‍ മയങ്ക് അഗര്‍വാള്‍ തന്നെയായിരുന്നു ടീമിനെ മുന്നോട്ടുനയിച്ചത്. അഞ്ചുറണ്‍സെടുത്ത ഉന്മുക്ത് ചന്ദ് പുറത്തായശേഷം മനീഷ് പാണ്ഡെയ്‌ക്കൊപ്പം (50) അഗര്‍വാള്‍ അതിവേഗം സ്‌കോറുയര്‍ത്തി.

ആഗര്‍ പന്തെറിയാനെത്തിയതോടെ കളി മാറി. എറിഞ്ഞ മൂന്നാം പന്തില്‍ തന്നെ 61 റണ്‍സെടുത്ത അഗര്‍വാള്‍ പുറത്ത്. തൊട്ടടുത്ത പന്തില്‍ കേദാര്‍ ജാദവും സംപൂജ്യനായി മടങ്ങി. 18 ഓവറില്‍ ഒന്നിന് 98ല്‍നിന്നു മൂന്നിന് 98ലേക്കു തകര്‍ന്ന ഇന്ത്യക്കു പിന്നീട് താളം കണെ്ടത്താനായില്ല. സഞ്ജു മെല്ലെപ്പോയതോടെ റണ്‍നിരക്ക് താഴുകയും ചെയ്തു. 34 ഓവറില്‍ ആറിന് 161ലേക്ക് തകര്‍ന്ന ആതിഥേയരെ വാലറ്റമാണ് കാത്തത്. അക്ഷര്‍ പട്ടേല്‍ (20), റിഷി ധവാന്‍ (26) കരണ്‍ ശര്‍മ (18) ചേര്‍ന്ന് മാന്യമായ സ്‌കോറില്‍ ഇന്ത്യയെ എത്തിച്ചു.

ആക്രമണത്തോടെ തുടങ്ങിയ ഓസ്‌ട്രേലിയയ്ക്കു പക്ഷേ മധ്യ ഓവറുകളില്‍ വിക്കറ്റ് വീണതു തിരിച്ചടിയായി. ഒരുഘട്ടത്തില്‍ ആറിന് 178 ലേക്ക് വീണ കങ്കാരുക്കള്‍ തോല്‍വി ഉറപ്പിച്ചതാണ്.

എന്നാല്‍ കലം ഫെര്‍ഗൂസന്റെ (47) നിശ്ചയദാര്‍ഡ്യവും ആഡം സാംബയുടെ (49 പന്തില്‍ 54) ആക്രമണ ബാറ്റിംഗും സന്ദര്‍ശകരെ മൂന്നാം ജയത്തിലേക്കു നയിച്ചു. ക്രിസ് ലയണ്‍ 63 റണ്‍സോടെ ടോപ്‌സ്‌കോററായി. ഇന്ത്യക്കായി കരണ്‍ ശര്‍മ 45 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

© 2024 Live Kerala News. All Rights Reserved.