അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് ആരംഭിച്ചു

ദില്ലി: രാജ്യത്തെ പ്രബല ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടിയുമായി എന്‍ഐഎ. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് ആരംഭിച്ചു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ദില്ലി, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്‍്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി.

തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ കൂട്ടത്തില്‍ ചില സംഘങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള വിവരത്തിന്‍്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തിഹാര്‍ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോള്‍ഡി ബ്രാര്‍ എന്നിവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് എന്‍ഐഎയുടെ റെയ്ഡും അന്വേഷണവും നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ചില ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ റെയ്ഡ് എന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒക്ടോബറില്‍ ഹരിയാനയില്‍ നിന്നും ഒരു ഗുണ്ടയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദില്ലിയിലടക്കം ഉത്തരേന്ത്യയില്‍ 52 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. വടക്ക് കിഴക്കന്‍ ദില്ലയിലെ ഗൌതം വിഹാര്‍ എന്ന സ്ഥലത്ത് നിന്നും കസ്റ്റഡിയിലായ ആസിഫ് ഖാന്‍ എന്നയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇത്രയും വിപുലമായ റെയ്ഡ് അന്ന് എന്‍ഐഎ നടത്തിയത്. പിടിയിലായ ആസിഫിന് ഇപ്പോള്‍ ജയിലിലുള്ള ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിയാനില്‍ സോനപ്പത്തില്‍ നിന്നും രാജു മോത്ത എന്നയാളെയും പിടികൂടിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു,

© 2023 Live Kerala News. All Rights Reserved.