കൊലപാതകം പുറത്തറിഞ്ഞതും അഫ്താബിന്റെ കുടുംബം നാടുവിട്ടു, മാതാപിതാക്കൾക്ക് എല്ലാം അറിയാമായിരുന്നെന്ന സംശയത്തിൽ പോലീസ്

ന്യൂഡൽഹി: ശ്രദ്ധ വാക്കർ വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്നത്. കൊലപാതക വിവരം പുറത്തായതോടെ ബുധനാഴ്ച പ്രതി അഫ്താബ് അമിൻ പൂനാവാലയുടെ കുടുംബം അജ്ഞാത സ്ഥലത്തേക്ക് പലായനം ചെയ്തു. പോലീസിനെ അറിയിക്കാതെ അഫ്താബിന്റെ കുടുംബം അജ്ഞാത സ്ഥലത്തേക്ക് മാറിയതായി പോലീസ് പറഞ്ഞു. മണിക്പൂർ പോലീസ് അഫ്താബിനെ വസായിലേക്ക് വിളിപ്പിച്ച ശേഷം മൊഴിയെടുത്ത ശേഷം, ഇയാളുടെ കുടുംബം അജ്ഞാത സ്ഥലത്തേക്ക് മാറി. പിന്നീട് അഫ്താബിന്റെ കുടുംബവും മണിക്പൂർ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല.

അഫ്താബിന്റെ ചെയ്തികളെ കുറിച്ച് മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. ‘അതുകൊണ്ടാണ് അവർ പോലീസിനെ അറിയിക്കാതെ തിടുക്കത്തിൽ മാറിയത്. മണിക്പൂർ പോലീസ് പുറപ്പെടുവിച്ച ആദ്യ സമൻസിനുശേഷം മാത്രമാണ് പ്രതിയുടെ കുടുംബം മാറിയത്’, വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇരയായ ശ്രദ്ധ വാക്കറുടെ പിതാവ് വികാസ് മദൻ വാക്കറുടെ ഡിഎൻഎ സാമ്പിളുകൾ ഡൽഹി പൊലീസ് ശേഖരിച്ചു. ശ്രദ്ധയുടെ പിതാവിന്റെ ഡിഎൻഎ സാമ്പിളുകൾ എടുത്തതിന് പിന്നിലെ ലക്ഷ്യം ശ്രദ്ധയുടെ ശരീരഭാഗങ്ങളുടെ രക്തസാമ്പിളുമായി ഒത്തുനോക്കാനാണ്.

ശ്രദ്ധ വാക്കറിനെ അവളുടെ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തിയ ദിവസം, അതായത് മെയ് 18 ന് ശ്രദ്ധയുടെ ഫോണിൽ നിന്നും അവളുടെ സുഹൃത്തിന് ഒരു സന്ദേശമയച്ചിരുന്നു. ‘ഡ്യൂഡ് ഒരു കാര്യം പറയാനുണ്ട്. ഞാൻ കുറച്ച് തിരക്കിലാണ്’ എന്നായിരുന്നു സന്ദേശം. അവളുടെ സന്ദേശത്തിന് മറുപടിയായി, ശ്രദ്ധയുടെ സുഹൃത്ത് ‘എന്താണ് വാർത്ത’ എന്ന് ചോയിച്ചെങ്കിലും ശ്രദ്ധ ഇതിന് മറുപടി നൽകിയില്ല. ഇതോടെ, സെപ്തംബർ 24 ന് അവളുടെ സുഹൃത്ത് വീണ്ടും ശ്രദ്ധയ്ക്ക് മെസേജ് അയച്ചിരുന്നു. ‘നീ എവിടെയാണ്? നീ സുരക്ഷിതയാണോ’ എന്നായിരുന്നു സുഹൃത്ത് ചോദിച്ചത്. ശ്രദ്ധ തന്റെ സുഹൃത്തിനോട് പങ്കുവെക്കാൻ ആഗ്രഹിച്ച ‘വാർത്ത’ എന്തായിരുന്നു എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ശ്രദ്ധ കൊല്ലപ്പെട്ടതിനാൽ, എന്താണ് അവൾ പറയാൻ ഉദ്ദേശിച്ച വാർത്ത എന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.