കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് ഋഷി സുനക് :വരും കാലങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനായി കാത്തിരിക്കുന്നുവെന്ന് മോദിയും

ഇന്തോനേഷ്യ : ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രദാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തി. വളരെ കുറച്ചു സമയം മാത്രമാണ് ഇരു നേതാക്കൾക്കും തമ്മിൽ സംസാരിക്കാനായത്. ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.  ഇന്ത്യൻ വംശജനായ ഋഷി സുനകിൻറെ വിജയം ഇന്ത്യൻ സമൂഹത്തെ ഏറെ അഭിമാനം കൊള്ളിച്ചിരുന്നു.  പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്.   “ബാലിയിലെ ജി 20 ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രിമാരായ നരേന്ദ്രമോദിയും ഋഷി സുനക്കും കൂടിക്കാഴ്ച നടത്തി”, എന്നായിരുന്നു ട്വീറ്റ്.

സുനക്കിനെ കൂടാതെ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.ഉച്ചകോടിയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാത്രിയാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. തന്റെ പ്രസംഗത്തിൽ റഷ്യ-ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ച് മോദി പരാമർശം നടത്തി.   സമാധാനത്തിലേക്ക് മടങ്ങാൻ ലോകം ഒരു പാത കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു ജി20 ഉച്ചോകോടിയിൽ മോദിയുടെ ആഹ്വാനം.

ജി 20 എന്നത് ലോകത്തിലെ പ്രധാനപ്പെട്ട വികസിത വികസ്വര രാജ്യങ്ങളുടെ   ഒരു അന്താരാഷ്ട്ര ഫോറമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യു.എസ്. യൂറോപ്യൻ യൂണിയൻ (EU).  എന്നീ രാജ്യങ്ങളാണ് ജി 20 യിൽ അംഗങ്ങളായിട്ടുള്ളത്.  ഡിസംബർ ഒന്നിന് ജി20 അധ്യക്ഷസ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുക്കും.

© 2024 Live Kerala News. All Rights Reserved.