ചരിത്രവിധി: മുന്നോക്ക സംവരണം തെറ്റല്ല, കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതിയുടെ വിധി പുറത്ത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ ഭരണഘടനാ ബഞ്ച് വിധിയെഴുതി. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും സാമ്പത്തിക സംവരണത്തെ പിന്‍തുണച്ച് കൊണ്ട് വിധിയെഴുതി.

നേരത്തെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസില്‍ വാദം കേട്ടത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം. 2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

© 2024 Live Kerala News. All Rights Reserved.