ഓരോ ഭാരതീയനും ഇത് അഭിമാന മുഹൂര്‍ത്തം… ഗൂഗിളിന്റെ തലപ്പത്ത് ആദ്യമായൊരു ഭാരതീയനെത്തി… ചെന്നൈക്കാരനായ സുന്ദര്‍ പിച്ചായിയുടെ വിജയയാത്ര ഇങ്ങനെ..

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ സേവന ദാതാക്കളായ ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി ഇന്ത്യാക്കാരനായ സുന്ദർ പിച്ചായ്(46)യെ നിയമിച്ചു. ഇതുവരെ ‘ക്രോം ആൻഡ് ആപ്‌സ്’ പദ്ധതികളുടെ മേൽനോട്ടം വഹിച്ചു വരികയായിരുന്നു സുന്ദർ പിച്ചായ്. ഗൂഗിളിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് സുന്ദർ. ഇതോടൊപ്പം ഗൂഗിളിന്റെ പ്രവർത്തനങ്ങൾ ആൽഫാബെറ്റ് എന്ന പുതിയ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്തതായി സി.ഇ.ഒ ലാറി പേജ് പറഞ്ഞു.

ചെന്നൈയിൽ ജനിച്ച സുന്ദർ പിച്ചായി ഖൊരഗ്പൂർ ഐ.ഐ.ടിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം സ്റ്റാൻഡ്‌ഫോർഡിൽ നിന്ന് എം.എസും പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും നേടി. 2004 ലാണ് സുന്ദർ പിച്ചയ് ഗൂഗിളിൽ ചേർന്നത്. ഗൂഗിൾ ക്രോം, ഗൂഗിൾ ക്രോം ഒഎസ് എന്നിവ മാത്രമല്ല, ഗൂഗിൾ ഡ്രൈവിന് പിന്നിലും സുന്ദർ പിച്ചയുടെ കൈയൊപ്പുണ്ട്. ജി മെയിൽ, ഗൂഗിൾ മാപ്‌സ് തുടങ്ങി വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.

അതേസമയം, നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച ഗൂഗിളിന്റെ പ്രവർത്തനങ്ങൾ ഇനി മുതൽ ആൽഫബെറ്റ് എന്ന പുതിയ കമ്പനിയുടെ കീഴിലാക്കിയിട്ടുണ്ട്. ഗൂഗിൾ സി.ഇ.ഒ ആയിരുന്ന ലാറി പേജാണ് ആൽഫാബെറ്റിന്റെ സി.ഇ.ഒ. സെർജി ബ്രിൻ പ്രസിഡന്റും എറിക് സ്മിത്ത് എക്‌സിക്യൂട്ടീവ് ചെയർമാനുമാകും. ഡയറക്ടർ ബോർഡ് അംഗങ്ങൾ ആൽഫബെറ്റിലും തുടരും. ഇനി മുതൽ സെർച്ച് എഞ്ചിൻ, യൂ ട്യൂബ്, ഗൂഗിൾ മാപ്പ്, ആപ്‌സ്, ഗൂഗിൾ എക്‌സ് എന്നിവ പ്രത്യേക വിഭാഗങ്ങളായാവും പ്രവർത്തിക്കുക. ഇവയെല്ലാം പിച്ചായുടെ കീഴിൽ തന്നെയാവും. പുതിയ മാറ്റങ്ങൾ ലാറി പേജ് ബ്ലോഗിലൂടെ പ്രഖ്യാപിച്ചയുടൻ ഗൂഗിളിന്റെ ഓഹരിമൂല്യം കുതിച്ചുയർന്നു.

© 2024 Live Kerala News. All Rights Reserved.