10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ തൊഴില്‍മേള: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ തൊഴില്‍മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്ന സുപ്രധാന ചുവടുവയ്പാവും ഇത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലടക്കം പ്രതിപക്ഷത്തെ നേരിടാന്‍ ഈ നീക്കം ബി.ജെ.പിയെ സഹായിക്കും.ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ പ്രത്യേക ദൗത്യമെന്ന നിലയില്‍ റിക്രൂട്ട് ചെയ്യണമെന്ന് ജൂണില്‍ പ്രധാനമന്ത്രി വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു. പുതുതായി നിയമിതരാകുന്നവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ 38 മന്ത്രാലയങ്ങള്‍ക്കോ വകുപ്പുകള്‍ക്കോ കീഴില്‍ ചേരും. ഗ്രൂപ്പ് എ, ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തലങ്ങളിലാവും നിയമനം. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍.ഡി.സി, സെ്റ്റനോ, പി.എ, ആദായനികുതി ഇന്‍സ്പെക്ടര്‍മാര്‍, എം.ടി.എസ് തസ്തികകളില്‍ നിയമനം നടക്കുന്നുണ്ട്.

ഈ റിക്രൂട്ട്മെന്റുകള്‍ മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടോ യു.പി.എസ്.സി, എസ്.എസ്.സി, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയോ ആണ് നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്മെന്റിനായി തെരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കുമെന്നും സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.