സൗദിയുടെ നീക്കത്തിന് തിരിച്ചടി നല്‍കി അമേരിക്ക

വാഷിങ്ടണ്‍: പെട്രോള്‍ വില സ്ഥിരത ഉറപ്പാക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്‌ക്കൊപ്പം സൗദി ചേര്‍ന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായി തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്നും 14 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള നിര്‍ണായക തീരുമാനം അമേരിക്ക കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഈ ആഴ്ച പ്രഖ്യാപനം നടത്തുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

അമേരിക്കയില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവും, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയരുന്ന വിമര്‍ശനവും തണുപ്പിക്കുക എന്ന ഉദ്ദേശവും കരുതല്‍ ശേഖരം തുറക്കാന്‍ ബൈഡനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് ഈ വര്‍ഷം അമേരിക്ക കരുതല്‍ ശേഖരം തുറക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിലും 14 ദശലക്ഷം ബാരല്‍ എണ്ണ പുറത്തെടുത്തിരുന്നു. 180 ദശലക്ഷം ബാരലാണ് അമേരിക്കയുടെ കരുതല്‍ ശേഖരത്തിലുള്ളത്.

© 2024 Live Kerala News. All Rights Reserved.