പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അക്രമിക്കാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ. പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. നേരത്തെ, അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പ്പറേഷനുമാണ് തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് സ്ഥാപനങ്ങളും കേസില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തു. 1994 ലെ പഞ്ചായത്തീരാജ് നിയമത്തിലും മുനിസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമാകരിളായ തെരുവുനായ്ക്കള്‍, പന്നികള്‍ എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001ലെ എ ബി സി നിയമങ്ങള്‍ വന്നതിന് ശേഷം തെരുവുനായ്ക്കള്‍ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇപ്പോള്‍ ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.