ഹിജാബ് ഒരു ചോയ്‌സ് അല്ല, ഹിജാബ് സ്ത്രീകളെ അടിച്ചമര്‍ത്തുന്നു: തസ്ലീമ നസ്രീന്‍

22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്ന ഇറാനിയന്‍ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു തിരഞ്ഞെടുപ്പല്ലെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഇറാന്റെ പ്രതിഷേധത്തില്‍ നിന്ന് ധൈര്യം നേടുമെന്നും തസ്ലീമ നസ്രീന്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സദാചാര പോലീസിന്റെ മര്‍ദ്ദനത്തിന് വിധേയയായ മഹ്‌സ അമിനി ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മരണത്തെ തുടര്‍ന്ന് ഇറാനിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

‘ഞാന്‍ വളരെ സന്തോഷവതിണ്. പ്രതിഷേധ സൂചകമായി അവര്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ലോകത്തിന്, എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും ഇത് വളരെ പ്രധാനമാണ്. കാരണം ഹിജാബ് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നവയുടെയും പ്രതീകമാണെന്ന് ഞങ്ങള്‍ക്കറിയാം’, തസ്ലീമ നസ്രീന്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള സ്ത്രീകളും ഹിജാബ് കത്തിച്ച് ഹിജാബ് സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേയോടായിരുന്നു അവരുടെ പ്രതികരണം. ഹിജാബ് ധരിക്കുന്നത് ഒരു ചോയ്‌സ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അവരുടെ മറുപടി. ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് തസ്ലീമ നസ്രീന്‍ പറഞ്ഞു. പക്ഷേ, ആഗ്രഹിക്കാത്ത ആളുകള്‍ക്ക് ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണമെന്നാണ് അവര്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.