കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം,മുഖ്യമന്ത്രി ഇടപെട്ടു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെളിവ് പുറത്തുവിട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മര്‍ദ്ദം ചെലുത്തി. വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്’, ഗവര്‍ണര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

വി.സി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. തന്റെ നാട്ടുകാരനാണ് കണ്ണൂര്‍ വി.സിയെന്നും, നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടി. അപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റേത് ഉള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് വാങ്ങി നല്‍കി. ഇത് സമ്മര്‍ദ്ദ തന്ത്രമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.