ഹിജാബ് സാംസ്‌കാരികാവകാശമെന്ന് കപില്‍ സിബല്‍ കോടതിയില്‍

ന്യൂഡല്‍ഹി: ഹിജാബ് സാംസ്‌കാരികാവകാശമെന്ന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍. ഹിജാബ് വിലക്ക് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണ്. കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ബഞ്ചിനു മുമ്പാകെ ഹിജാബ് ഭരണഘടനയുടെ 29ാം വകുപ്പിന് കീഴില്‍വരുന്ന സാംസ്‌കാരികാവകാശമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് ഹിജാബ് നിരോധന കേസില്‍ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ സിബല്‍ വാദിച്ചു. ഭരണഘടനയുടെ 19ാം വകുപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കേസ്. എല്ലാവര്‍ക്കും കൂടിച്ചേരാന്‍ യോഗ്യതയുള്ള പൊതുവായ ഇടമെന്ന ആശയവുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഏതു വസ്ത്രം ധരിക്കണമെന്നത് സ്വന്തം ശരീരത്തില്‍ ഒരാള്‍ക്കുള്ള അവകാശത്തിന്റെ ഭാഗമാണോയെന്ന് പരിശോധിക്കണം.

ഹിജാബ് ധരിക്കുന്നത് തങ്ങളുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമായാണ് മുസ് ലിം പെണ്‍കുട്ടികള്‍ കാണുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവരെ തങ്ങളുടെ സാംസ്‌കാരിക പരിസരത്തിലൂടെയാണ് വളര്‍ത്തുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഹിജാബ് ധരിക്കുന്നു. അതെന്റെ വ്യക്തി ജീവിതത്തിന്റെ ഭാഗമാണ്. സംസ്‌കാരിക പാരമ്പര്യവുമാണ്. എനിക്കെപ്പോഴും എന്റെ സാംസ്‌കാരിക പാരമ്പര്യം കൊണ്ടുനടക്കാനുള്ള അവകാശമുണ്ടോ അതോ സ്‌കൂള്‍ ഗേറ്റ് കടക്കുന്നതോടെ ഇല്ലാതാകുമോ സിബല്‍ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.