മസൂദ് അസ്ഹറിനെ പിടിക്കാന്‍ താലിബാന്റെ സഹായം തേടി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പിടികൂടാനൊരുങ്ങി പാക്കിസ്ഥാന്‍. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തേടുന്ന കൊടുംഭീകരനാണ് മസൂദ് അസ്ഹര്‍. ഇയാളെ പിടികൂടുന്നതിനായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ സഹായം തേടിയിരിക്കുകയാണ് പാക്കിസ്ഥാന്‍.

ഏറെനാള്‍ പാക്കിസ്ഥാനില്‍ സുഖജീവിതം നയിച്ച മസൂദ് അസ്ഹര്‍ അടുത്തകാലത്താണ് അഫ്ഗാനിലേക്ക് ചേക്കേറിയതെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്. യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിനെ പിടികൂടാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഭീകരരെ സംരക്ഷിച്ചാല്‍ വിദേശത്ത് നിന്ന് വായ്പയടക്കമുള്ള സഹായങ്ങള്‍ നിലയ്ക്കും.

സാമ്പത്തിക പ്രതിസന്ധിയും പ്രകൃതിക്ഷോഭങ്ങളും മൂലം തകര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ തന്നെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌കില്‍ ഗ്രേ ലിസ്റ്റിലാണ്. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ പാക്കിസ്ഥാന് ഭീകരരെ പിടികൂടി നല്‍കുകയേ വഴിയുള്ളൂ. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലോ കുനാര്‍ പ്രവിശ്യയിലോ മസൂദ് അസ്ഹര്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പാക് വിദേശകാര്യമന്ത്രാലയം താലിബാന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാള്‍. മുന്‍പ് ഇന്ത്യയില്‍ മസൂദ് അസ്ഹര്‍ അറസ്റ്റിലായെങ്കിലും 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയാണ് ഇയാളെ മോചിപ്പിച്ചത്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.

© 2024 Live Kerala News. All Rights Reserved.