രാഹുൽ ഭാരത് ജോഡോ യാത്രയിൽ; അസമിൽ കോൺഗ്രസിന്റെ ഒരു സംസ്ഥാന നേതാവ് കൂടി പാർട്ടി വിട്ടു; ആദ്യം സംസ്ഥാനത്ത് ഐക്യമുണ്ടാക്കണം പിന്നെ മതി ഭാരത് ജോഡോയെന്നും കാമറുൾ ഇസ്ലാം ചൗധരി

ദിസ്പൂർ: ഭാരത് ജോഡോ യാത്രയുമായി സഞ്ചരിക്കുന്ന രാഹുലിനും കോൺഗ്രസിനും തിരിച്ചടിയായി പാർട്ടി നേതാക്കളുടെ രാജി തുടർക്കഥയാകുന്നു. പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി അസമിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാമറുൾ ഇസ്ലാം ചൗധരിയാണ് ഏറ്റവും ഒടുവിൽ രാജിവെച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനുളളിൽ കോൺഗ്രസ് വിട്ട മുതിർന്ന നേതാക്കളിൽ ഒടുവിലത്തെ പേരാണ് കാമറുൾ.

കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻഎസ് യുഐയുടെ ദേശീയ സെക്രട്ടറിയായിരുന്നു കാമറുൾ. അസമിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്
അസമിലെ കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പത്തിലാണെന്നും പാർട്ടിക്ക് ദിശാബോധം നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ നിന്നും ഗ്രൗണ്ട് സ്റ്റഡിക്കായി ഒരു നേതാവ് പോലും എത്തുന്നില്ല. കോൺഗ്രസുകാരനായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ആദ്യം സംസ്ഥാനത്തെ കോൺഗ്രസിനെ ഐക്യപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ഭാരത് ജോഡോയൊക്കെ അതിന് ശേഷം ചെയ്യേണ്ട കാര്യങ്ങളാണെന്നും കാമറുൾ ഇസ്ലാം ചൗധരി പറഞ്ഞു.

പാർട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചിട്ടുണ്ട്. അസമിൽ കോൺഗ്രസിന്റെ നിലനിൽപ് തന്നെ അസ്ഥിരപ്പെട്ടുവെന്ന് കത്തിൽ പറയുന്നു. തന്നെപ്പോലുളള അടിസ്ഥാന ഗണത്തിലുളള പ്രവർത്തകർ വർഷങ്ങളോളം ഈ പാർട്ടിക്കായി രക്തവും വിയർപ്പും ഒഴുക്കിയവരാണെന്നും കത്തിലുണ്ട്. എംഎൽഎമാരുടെ ക്രോസ് വോട്ടിങ് ഉൾപ്പെടെയുളള പ്രശ്‌നങ്ങളും രാജിക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.