എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍

റിയാദ്: എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാൻ ബാനറും പിടിച്ച് മക്കയിലെത്തിയ വിദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. യെമന്‍ സ്വദേശിയാണ് പിടിയിലായത്. ഉംറ നിയമങ്ങൾ ലംഘിച്ച് മക്ക പള്ളിയിൽ ബാനർ ഉയർത്തി എന്ന കുറ്റത്തിനാണ് അറസ്റ്റ്. ഉംറ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് ഹറമിനകത്തു വെച്ച് വിദേശി ബാനര്‍ ഏന്തി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹറം സുരക്ഷാ സേന അറിയിച്ചു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് അറസ്റ്റിലായത്. ഉംറ വേഷത്തിലെത്തിയ ഇയാൾ എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയാണ് താന്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതെന്നും സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അവര്‍ക്ക് സ്ഥാനം നല്‍കട്ടെയെന്നും സദ്‌വൃത്തരുടെ കൂട്ടത്തില്‍ രാജ്ഞിയെ ഉള്‍പ്പെടുത്തട്ടെ എന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ ബാനര്‍ ആണ് ഉയര്‍ത്തിയത്.

യെമനി യുവാവിനെ അറസ്റ്റ് ചെയ്‍ത വിവരം പ്രതി ബാനര്‍ ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സഹിതം പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.