ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും
തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇതോടെ ഇടംപിടിച്ചു

കൊച്ചി | നാവികസേനക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇതോടെ ഇടംപിടിച്ചു കഴിഞ്ഞു.നാവികസേനയടെ രേഖകളില്‍ ഐഎസി 1 എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും. കമ്മിഷനിങ് കഴിഞ്ഞാലും രണ്ട് വര്‍ഷം കൂടി നാവികസേനയ്ക്ക് വേണ്ട നിര്‍മാണ സാങ്കേതിക സഹായം കൊച്ചി കപ്പല്‍ ശാല തന്നെ നല്‍കും.

76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്.

ഒരു വര്‍ഷത്തിനിടെ പലവട്ടങ്ങളിലായി നടത്തിയ സമുദ്രപരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പ് വരുത്തിയാണ് കമ്മിഷനിങ്ങിനായുള്ള തയാറെടുപ്പിലേക്ക് വിക്രാന്ത് എത്തിയത്.ഫ്‌ളൈറ്റ് ഡെക്കിലെ റണ്‍വേകള്‍ ഉപയോഗയോഗ്യമാക്കിയ ശേഷമാണ് യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും ടേക്ക് ഓഫ് നടത്തിയും മറ്റുമുള്ള പരീക്ഷണങ്ങള്‍ നടത്തുക. വിക്രാന്ത് പൂര്‍ണമായും യുദ്ധസജ്ജമാകാന്‍ ഇനിയും വേണം ഒരു ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍. 2023 ഡിസംബറോടെ വിക്രാന്ത് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.