രണ്ട് ലക്ഷം വീടുകൾ; ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ; കേരളത്തിനെ ചേർത്തുപ്പിടിച്ച് കേന്ദ്രസർക്കാർ; ജനങ്ങൾ ബിജെപിയെ നോക്കി കാണുന്നത് പുതിയ പ്രതീക്ഷയോടെയെന്ന് നരേന്ദ്രമോദി

കൊച്ചി: കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനം അതിവേഗത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അവിടങ്ങളിലെ സർക്കാർ ഇരട്ട എഞ്ചിൻ സർക്കാരുകളാണ്. കേരളത്തിലും വികസനം ആവശ്യമാണ്. ഡബിൾ എഞ്ചിൻ സർക്കാർ കേരളത്തിൽ വന്നാൽ വികസനം വേഗത്തിലാകുമെന്നും നരേന്ദ്രമോദി കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ബിജെപിയെ നോക്കി കാണുന്നത് പുതിയ പ്രതീക്ഷയോടെയാണ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പിഎംഎവൈ(പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി വഴി രണ്ട് ലക്ഷം വീടുകൾ കേരളത്തിന് നൽകാനായി. ഇതിനോടകം ഒരു ലക്ഷം വീടുകൾ പൂർത്തിയായിട്ടുണ്ട്.

മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. ഇതിനു വേണ്ടി 6000 കോടി ചെലവഴിച്ചു. ദരിദ്രരുടെയും ദലിതരുടെയും ഉന്നമനമാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യം. ബിജെപി സർക്കാർ സത്യസന്ധമായും ജനക്ഷേമം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസനത്തിന് തടസ്സം അഴിമതി ആണെന്നും അഴിമതിയ്ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.