തദ്ദേശ തിരെഞ്ഞെടുപ്പ് നീളാന്‍ സാധ്യത..വാര്‍ഡ് വിഭജനത്തില്‍ ഗവര്‍ണ്ണര്‍ പി സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടി..

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളാനുള്ള സാധ്യത കണക്കിലെടുത്ത് ബദല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.

വളഞ്ഞവഴിയിലൂടെ ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശഭരണ സ്ഥാപനങ്ങളെയും വാര്‍ഡുകളെയും അശാസ്ത്രീയമായി വെട്ടിമുറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമീഷണറുടെയും ഗവര്‍ണറുടെയും ഇടപെടലുകള്‍. സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുകയോ തീരുമാനമെടുക്കുകയോ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വമേധയാ തീരുമാനമെടുത്തേക്കും. 58 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച കേസുകളില്‍ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് വരാനിരിക്കുകയാണ്. ഈ വിധി എന്തായാലും കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് കമീഷന്റെ നീക്കം.

ഒക്ടോബര്‍ ഒന്നിനാണ് സാധാരണ നിലയില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടത്. കഴിഞ്ഞ തവണമുതല്‍ ഇത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് മാറ്റി. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികളെ അധികാരത്തില്‍ എത്തിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് കമീഷനുള്ളത്. ആ നിലപാടില്‍ കമീഷന്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുകയെന്ന നീക്കത്തിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ച് നാല് മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചത് തടഞ്ഞുള്ള ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍പോകാനാണ് സര്‍ക്കാര്‍ നീക്കം. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനവും പൂര്‍ത്തിയായില്ല. ജില്ലാ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനവും അനിശ്ചിതത്വത്തിലാണ്. 58 ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതില്‍ ഹൈക്കോടതിവിധി എതിരായാല്‍ സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും മനക്കോട്ടകള്‍ തകരും.

അത്തരം കേസുകളില്‍ അപ്പീല്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പ് അനിശ്ചതമായി നീളുമെന്ന് കമീഷന്‍ കരുതുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ കാലതാമസം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കമീഷന്‍. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ഒരുമാസം മുമ്പെങ്കിലും വിജ്ഞാപനം ഇറക്കണം. അതിന് ഇനി അധികം സമയമില്ല. അതുകൊണ്ട് നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കമീഷന്‍ തീരുമാനമെടുത്താല്‍ പുതുതായി പ്രഖ്യാപിച്ച നഗരസഭകളും പഞ്ചായത്തുകളും ഇത്തവണ ഉണ്ടാകില്ല.204 പഞ്ചായത്തുകളിലും 30 നഗരസഭകളിലും നാല് കോര്‍പറേഷനുകളിലുമാണ് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചത്.

നിയമക്കുരുക്കിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തീരുമാനം. ഭൂമിശാസ്ത്രപരമായ വസ്തുതകള്‍ പരിഗണിക്കാതെയാണ് വാര്‍ഡ് വിഭജനം നടത്തിയെന്ന് കമീഷന്‍ വിലയിരുത്തിയിരുന്നു. വില്ലേജ് അടിസ്ഥാനമായി വേണം പഞ്ചായത്തുകള്‍ രൂപീകരിക്കാനെന്ന നിര്‍ദേശവും സര്‍ക്കാര്‍ തള്ളി.

Courtesy: www.deshabhimani.com

© 2024 Live Kerala News. All Rights Reserved.