ദേവ്ഗഢ് ദുര്‍ഗാക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 11 മരണം

റാഞ്ചി: ജാർഖണ്ഡിലെ ഡിയോഗർ പട്ടണത്തിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പത്തു പേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെലബാഗൻ ദേവ്ഗഡ് ക്ഷേത്രത്തിൽ വർഷം തോറും നടന്നു വരാറുള്ള സ്വാൻ സോംവാർ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്.

പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള പാതയിൽ വരിയായി ആയിരക്കണക്കിന് പേർ നിൽപുണ്ടായിരുന്നു. തീർത്ഥാടകരിൽ ചിലർ വരി ചാടിക്കടക്കാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും ഇടയാക്കിയതും അപകടത്തിന് വഴിവച്ചതും. വരിയിൽ നിൽക്കുകയായിരുന്ന പലരും താഴേക്ക് വീണു. രക്ഷപ്പെടാൻ ശ്രമിച്ച മറ്റുള്ളവരുടെ ചവിട്ടേറ്റാണ് പലരും മരിച്ചത്.

ഹിന്ദു കലണ്ടർ അനുസരിച്ചുള്ള ശ്രാവണ മാസത്തിൽ ബൈദ്യനാഥ് ക്ഷേത്രത്തിൽ 30 ലക്ഷത്തോളം ഭക്തർ പൂജകൾക്കായി എത്താറുണ്ട്. തിങ്കളാഴ്ചകളിൽ മാത്രം രണ്ടു ലക്ഷം പേർ എത്തുന്നു എന്നാണ് കണക്ക്.

© 2024 Live Kerala News. All Rights Reserved.