കാടത്തഭരണത്തില്‍നിന്ന് ബിഹാറിനെ രക്ഷിക്കാന്‍ ബിജെപിക്കുമാത്രമേ കഴിയൂവെന്ന് മോദി

 

പട്‌ന: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വര്‍ഷത്തെ കാടത്തഭരണത്തില്‍നിന്ന് ബിഹാറിനെ രക്ഷിക്കാന്‍ ബിജെപിക്കു മാത്രമേ കഴിയൂ. ഇനിയും നിതീഷ് കുമാറിന്റെ ജെഡിയുവിന് ഭരണം നല്‍കിയാല്‍ അത് ബിഹാറിന്റെ നാശമായിരിക്കും. ഇനിയും അഞ്ചു വര്‍ഷം കൂടി അവര്‍ ഭരിച്ചാല്‍ അത് നിങ്ങള്‍ക്ക് താങ്ങാനാവുമോയെന്നും ബിഹാറിന് ഒരു മാറ്റം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്നും മോദി ചോദിച്ചു.

ബിഹാറില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും. നല്ലൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്നു പറയാനാണ് താനിവിടെ വന്നിട്ടുള്ളത്. ബിഹാറിലെ ജനങ്ങളുടെ അനുഗ്രഹം തനിക്കു വേണം. ധിക്കാരികളായ നേതാക്കളുടെ ഭരണം മൂലം ഗ്രാമങ്ങളിലേക്ക് വികസനം എത്തപ്പെട്ടില്ല. ഇന്ത്യയുടെ വളര്‍ച്ചയില്‍ ബിഹാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഓരോ കോണിലും ഇവിടത്തുകാരനായ ഒരു ഐഎഎസ് ഓഫിസറെ നമുക്കു കാണാന്‍ കഴിയും. മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റി. മുഖ്യമന്ത്രി ശിവ്!രാജ് സിങ് ചൗഹാന്‍ ഇന്നു മധ്യപ്രദേശിനെ ബിമാരു (സാമ്പത്തിക സ്ഥിതിയില്‍ പിന്നോക്കം നില്‍ക്കുന്ന) സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവന്നു. രാജസ്ഥാനില്‍ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രയത്‌നത്താല്‍ രാജസ്ഥാനും ബിമാരു സംസ്ഥാനത്തിന്റെ പട്ടികയില്‍നിന്ന് പുറത്തുവന്നു. അഞ്ചുവര്‍ഷം കൊണ്ട് ബിഹാറിനെയും ബിമാരു സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് മാറ്റുമെന്നു താന്‍ ഉറപ്പു നല്‍കുന്നതായും മോദി പറഞ്ഞു.

ടൂറിസത്തിന്റെ വളര്‍ച്ച ജനങ്ങളെയും സഹായിക്കും. താജ്മഹലിനെക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് ബോധ്ഗയയിലാണ്. എന്നാല്‍ ഗയയുടെ വികസനത്തിനായി ബിഹാറിലെ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ല. സാംസ്‌കാരികപരമായും ആത്മീയപരമായും ലോകത്തില്‍ ബിഹാറിന് ഉയര്‍ന്ന സ്ഥാനമാണുള്ളത്. എന്നാല്‍ ഈ സര്‍ക്കാര്‍ ബിഹാറിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ നശിപ്പിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.

യുവാക്കളുടെ ഭാവിയില്‍ മാറ്റം വരണമെങ്കില്‍ വിദ്യാഭ്യാസസമ്പ്രദായത്തില്‍ മാറ്റം വരണം. യുവാക്കളുടെ കഴിവ് പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള വിദ്യാഭ്യാസമായിരിക്കണം അവര്‍ക്കു നല്‍കേണ്ടത്. 80 ലക്ഷം വിദ്യാര്‍ഥികളുള്ള ബിഹാറില്‍ 25,000 എന്‍ജിനീയറിങ് സീറ്റുകള്‍ മാത്രമേ ഉള്ളൂവെന്നും ഇതിനു മാറ്റം വരണമെന്നും മോദി ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.