ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഐ ഗ്രൂപ്പുകാരന്‍ പിടിയില്‍

ചാവക്കാട് : ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ ഐ ഗ്രൂപ്പുകാരന്‍ കസ്റ്റഡിയില്‍. ചാവക്കാട് തിരുവത്രയില്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ ചാവക്കാട് കടപ്പുറം കണ്ണന്‍കേരന്‍ സ്വദേശി ഷെമീറി(19)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധിച്ച് എ വിഭാഗം പ്രവര്‍ത്തകര്‍ ഹനീഫയുടെ മൃതദേഹവുമായി ചാവക്കാട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രശ്നം ഒതുക്കാന്‍ ഷെമീറിനെ ഐഗ്രൂപ്പ് നേതൃത്വം പൊലീസില്‍ ഹാജരാക്കിയതാണെന്ന് എ വിഭാഗം ആരോപിച്ചു.

അണ്ടത്തോട് ചാലില്‍ കോയാമോന്റെ മകന്‍ ഹനീഫ(42)യെ വെള്ളിയാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് ഐ വിഭാഗം ക്രിമിനലുകള്‍ വീട്ടുമുറ്റത്ത് ഉമ്മയുടെ മുന്നിലിട്ട് കുത്തിക്കൊന്നത്. പത്തുപേര്‍ സംഘത്തിലുണ്ടായിരുന്നു. ആക്രമത്തിനുശേഷം മൂന്നു ബൈക്കുകളിലും ഒരുകാറിലുമായാണ് സംഘം മടങ്ങിയതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പ്രതികളെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സംരക്ഷിക്കുന്നെ ന്നാരോപിച്ചാണ് ഹനീഫയുടെ മൃതദേഹം വഹിച്ച ആംബുലന്‍സുമായി എ വിഭാഗം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ സി എ ഗോപപ്രതാപനെ കേസില്‍ പ്രതിചേര്‍ക്കുക, അന്വേഷണത്തില്‍നിന്ന് ചാവക്കാട് സിഐ മുനീറിനെ മാറ്റിനിര്‍ത്തുക എന്നീ ആവശ്യങ്ങളും എ വിഭാഗം ഉന്നയിച്ചു.

ജില്ലയില്‍ ഐ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ഉപരോധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി എന്‍ വിജയകുമാര്‍ പ്രവര്‍ത്തകരുമായി സംസാരിച്ചശേഷമാണ് രംഗം ശാന്തമാക്കിയത്. ഗൂഢാലോചന നടത്തിയവരെയുള്‍പ്പെടെ എല്ലാവരേയും പ്രതിചേര്‍ക്കുമെന്നും ചാവക്കാട് സിഐയെ കേസന്വേഷണത്തില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നും എസ്പി ഉറപ്പു നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുകയെന്ന് എസ്പി ഉറപ്പുനല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

വൈകിട്ട് നാലരയോടെ മൃതദേഹം മണത്തല ജുമാമസ്ജിദില്‍ കബറടക്കി. ഹനീഫയുടെ വീട്ടിലെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി വി ബലറാമിനെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ സമ്മതിച്ചില്ല. കസ്റ്റഡിയിലായ ഷെമീര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഗുണ്ടാനിയമപ്രകാരം ജയില്‍വാസവുമനുഭവിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരനുമായി ഏറെ അടുപ്പമുള്ളവരാണ് ഗുണ്ടാസംഘം. കണ്ണൂരിലെ പല അക്രമങ്ങളിലും പങ്കെടുത്തവരാണ് കേസിലെ പ്രതികളെന്നും എ ഗ്രൂപ്പുകാര്‍ പറഞ്ഞു. അക്രമികള്‍ വെള്ളിയാഴ്ച സന്ധ്യയോടെ ഹനീഫയുടെ വീടിനുസമീപത്തെ ഇടവഴിയില്‍ തമ്പടിച്ചായിരുന്നു ആക്രമണം. ഉമ്മയുടെ മുന്നില്‍വച്ച് കുത്തേറ്റ ഹനീഫയെ കുടല്‍മാല പുറത്തുചാടിയ നിലയിലാണ് മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹനീഫയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പകല്‍ രണ്ടോടെയാണ് ചാവക്കാട്ടെത്തിച്ചത്.

 

© 2024 Live Kerala News. All Rights Reserved.