ന്യൂദല്‍ഹി: രാജസ്ഥാന്‍ മരുഭൂമിയിലെ പൊഖ്റാനില്‍ ഇന്ത്യ ആണവ വിസ്ഫോടനം നടത്തിയതിന്റെ 24-ാം വാര്‍ഷികം ഇന്ന്. രാജ്യം സാങ്കേതികവിദ്യാദിനമായി ആചരിക്കുന്ന ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. യുഎസിന്റെ അടക്കം ചാരക്കണ്ണുകള്‍ വെട്ടിച്ച് ഇന്ത്യ നടത്തിയ അണുസ്ഫോടനം ആണവശക്തിയെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് വഴിതുറന്നു.
ഇന്ത്യയുടെ മിസൈല്‍മനുഷ്യന്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമും പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയും പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും അടങ്ങുന്ന നേതൃത്വമാണ് ലോകരാജ്യങ്ങളുടെ വിലക്കുകളും ഉപരോധങ്ങളും ഫലപ്രദമായി മറികടന്ന് ആണവ ശക്തിയായി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് പ്രചോദനമേകിയത്. യുഎസ് അടക്കമുള്ള ആഗോള ശക്തികള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെയും വാജ്പേയിയുടേയും ഇച്ഛാശക്തി അവയെയെല്ലാം പരാജയപ്പെടുത്തി.