സിപിഐ(എം) വര്‍ഗ്ഗീയ പാര്‍ട്ടി.. വിരട്ടി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ട. സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തെ നിയന്ത്രിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക സംരക്ഷണം പറയുന്ന സി.പി.എമ്മിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പിയുടെ വാർഷിക പൊതുയോഗം കൊല്ലം ശ്രീനാരായണ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

എസ്.എൻ.ഡി.പി ഒരു രാഷ്ട്രീയ പാർട്ടിയുടേയും പോഷക സംഘടനയല്ല. ബി.ജെ.പിക്ക് മാത്രമല്ല വർഗീയതയുള്ളത്. സി.പി.എമ്മിനുമുണ്ട്. എൻ.എസ്.എസിന്റെ മഹത്വം പറഞ്ഞ് എസ്.എൻ.ഡി.പിയെ അവഹേളിക്കുന്ന സി.പി.എം ചരിത്രം മറക്കരുത്. എസ്.എൻ.ഡി.പി ഉള്ളതു പറയുന്പോൾ പലർക്കും ഇഷ്ടപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇരുമുന്നണികളും എസ്.എൻ.ഡി.പിയോട് അവഗണന കാണിച്ചിട്ടേയുള്ളൂ. മതസംഘടനകളുടെ പിന്നാലെ പോവുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരത്തിൽ ഇരിക്കുന്നവരോട് അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ എസ്.എൻ.ഡി.പി മടിക്കാറില്ല. അതിനുവേണ്ടി തന്നെയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കണ്ടത്.  എസ്.എൻ.ഡി.പിയെ തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ കാലം തൂത്തെറിയും. യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആ വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പിയെ വിരട്ടി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.