ലക്‌നൗ : പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിലെ വാദം യുപി പൊലീസ് തെളിവു സഹിതം പൊളിച്ചു. 2015നു മുന്‍പു തന്നെ സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ തല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നതിനു തെളിവായി 2015 ഫെബ്രുവരി 14,15 തീയതികളില്‍ ചെന്നൈയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ മിനിട്‌സ് യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സിദ്ദിഖ് കാപ്പനു ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ലക്‌നൗ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് പോപ്പുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയുടെ മിനിട്‌സും ഹാജരാക്കിയത്.
ഡല്‍ഹിയില്‍ ‘ന്യൂനപക്ഷ അവകാശം’ എന്ന വിഷയത്തില്‍ മറ്റു സംഘടനകളുമായി സഹകരിച്ചു സെമിനാര്‍ സംഘടിപ്പിക്കാന്‍ ദേശീയ നിര്‍വാഹക സമിതി സിദ്ദിഖ് കാപ്പനെയാണു ചുമതലപ്പെടുത്തുന്നതെന്നു മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.