ഗവണ്‍മെന്റ്ററയില്‍വേ പൊലീസ് സംവിധാനം ഉപേക്ഷിക്കുന്നു; പകരം ആര്‍പിഎഫിനെ ശക്തിപ്പെടുത്തും

 

മംഗളൂരു: രാജ്യത്തു ഗവണ്‍മെന്റ് റയില്‍വേ പൊലീസ് (ജിആര്‍പി) സംവിധാനം നിര്‍ത്തലാക്കുന്നു. പകരം റയില്‍വേ സുരക്ഷാസേനയെ (ആര്‍പിഎഫ്) ശക്തിപ്പെടുത്തും. ഇതോടെ നിലവില്‍ റയില്‍വേ പൊലീസില്‍ ജോലി ചെയ്യുന്നവരെ അതത് സംസ്ഥാന പൊലീസിലേക്കു തിരികെ അയയ്ക്കും. റയില്‍വേ പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും റയില്‍വേക്ക് ആവശ്യമായ പിന്തുണ ഇവരില്‍ നിന്നു ലഭിക്കുന്നില്ലെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണു റയില്‍വേ മന്ത്രാലയത്തിന്റെ ഈ നീക്കം.

ബ്രിട്ടിഷുകാരുടെ കാലത്താണു റയില്‍വേ പൊലീസ് സംവിധാനം ആരംഭിച്ചത്. റയില്‍വേ പൊലീസില്‍ ശമ്പളത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാരും പകുതി റയില്‍വേയുമാണു വഹിക്കുന്നത്. മറ്റു സൗകര്യങ്ങളെല്ലാം റയില്‍വേ ഒരുക്കും. 1957ലെ ആര്‍പിഎഫ് ആക്ട് അനുസരിച്ചാണു റയില്‍വേ സുരക്ഷാസേന രൂപംകൊണ്ടത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ റയില്‍വേ പൊലീസ് പരാജയമാണെന്നാണു വിലയിരുത്തല്‍. ട്രെയിനുകളില്‍ ക്രിമിനലുകളെയും നക്‌സലുകളെയും നിയന്ത്രിക്കുന്നതിലും പിടികൂടുന്നതിലും ഇവര്‍ പരാജയമാണെന്നും റയില്‍വേ പൊലീസ് റജിസ്റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും റയില്‍വേ സുരക്ഷാസേന പിടികൂടി കൈമാറുന്നതാണെന്നുമാണ് വിലയിരുത്തുന്നത്.

ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ രണ്ടു സേനയ്ക്കും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നതാണു യാഥാര്‍ഥ്യം. എന്തെങ്കിലും സംഭവം നടന്നു കഴിഞ്ഞാല്‍ ഇവര്‍ പരസ്പരം കുറ്റപ്പെടുത്തുന്ന നിലയുമാണ്. ഈ സാഹചര്യത്തിലാണു റയില്‍വേയുടെയും യാത്രക്കാരുടെയും മൊത്തം സുരക്ഷ ഒരു സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ റയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി റയില്‍വേ നിയമത്തിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും സുരക്ഷാസേനയ്ക്കു പരിശീലനം നല്‍കും. നിലവിലുള്ള റയില്‍വേ പൊലീസ് സ്റ്റേഷനുകളെ സുരക്ഷാസേനയ്ക്കു കൈമാറും. റയില്‍വേയും യാത്രക്കാരുമായി ബന്ധപ്പെട്ട് എല്ലാ കുറ്റകൃത്യങ്ങളും ഒരേജന്‍സിക്കു കീഴില്‍ വരുന്നതോടെ നടത്തിപ്പ് കാര്യക്ഷമമാകുമെന്നാണു വിലയിരുത്തല്‍. റയില്‍വേ പൊലീസിനെ ഒഴിവാക്കുന്നതോടെ ഇവര്‍ക്കു ശമ്പളം നല്‍കാന്‍ ചെലവഴിക്കുന്ന പണം ഉപയോഗിച്ച് ആര്‍പിഎഫില്‍ കൂടുതല്‍ ജീവനക്കാരെയും നിയമിക്കും.

© 2024 Live Kerala News. All Rights Reserved.