മരിക്കാന്‍ അനുവദിക്കണമെന്ന് വ്യാപം കേസിലെ 70 പേര്‍ രാഷ്ട്രപതിയോട്

 

ഭോപ്പാല്‍: വ്യാപം അഴിമതിക്കേസില്‍ ആരോപണ വിധേയരായ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. ജയിലില്‍ കഴിയുന്ന എഴുപതോളം പേരാണ് കത്തയച്ചത്. കുറച്ചുകാലമായി തങ്ങള്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നും ഭാവി ഇരുട്ടിലായെന്നും ഇവര്‍ കത്തില്‍ പറയുന്നു. തങ്ങള്‍ നീതിന്യായ വ്യവസ്ഥയിലെ വേര്‍തിരിവിന്റെ ഇരകളാണെന്നും ആരോപിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫിസ്, ചീഫ് ജസ്റ്റിസ്, മധ്യപ്രദേശ് ഹൈക്കോടതി, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, കേന്ദ്രആഭ്യന്തരമന്ത്രി തുടങ്ങിയവര്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചു നല്‍കിയിട്ടുണ്ട്. വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോഴാണ് പ്രതികള്‍ കത്തില്‍ ഒപ്പിട്ടതും അയച്ചു നല്‍കിയതും.

തങ്ങളുടെ അതേ കുറ്റം ചെയ്തവര്‍ക്ക് ഹൈക്കോടതി അടക്കമുള്ളവ കോടതികളില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഞങ്ങളെ ഗ്വാളിയാര്‍ ജയിലില്‍ താമസിപ്പിച്ചിരിക്കുകയാണ്. നാളുകളായി !ഞങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. കുടുംബത്തിന്റെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ് കത്തില്‍ പറയുന്നു. ആത്മഹത്യ അടക്കമുള്ളവയെപ്പറ്റി ആലോചിച്ചു തുടങ്ങിയിരിക്കുന്നു. മാനസികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നേരത്തെ ഗ്വാളിയാറിലെ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളും മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.