ഇന്ന് മാർച്ച് 19 , ജോസഫ് മാഷിന്റെ കൈ വെട്ടാനിടയായ വിവാദ ക്വസ്റ്റ്യൻ പേപ്പറിന്റെ പന്ത്രണ്ടാം വാർഷികം

പന്ത്രണ്ടു വര്ഷം മുമ്പ് 2010 മാർച്ച് 19 ന് ഡിപ്പാർട്ട്മെന്റ് റൂമിലിരുന്നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം മേധാവിയായ പ്രൊഫ: ടി.ജെ ജോസഫ് വിവാദ ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കിയത് .

മുഹമ്മദ് : പടച്ചോനെ , പടച്ചോനെ .
ദൈവം: എന്താടാ ? നാ— മോനേ!
മുഹമ്മദ് : ഒരു അയില ; അതു മുറിച്ചാൽ എത്ര കഷണമാണ് ?
ദൈവം: മൂന്നു കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നാ—-=-ye

ബി.കോം വിദ്യാർഥികളുടെ രണ്ടാം വർഷ ഇന്റേണൽ പരീക്ഷയുടെ മലയാളത്തിൽ നിന്നുള്ള ഈ ചോദ്യം പിറന്നു വീണിട്ട് ഈ മാർച്ച് 19 ന് 12 വർഷം തികയുകയാണ് –
ഈ ഒരു ചോദ്യം കൊണ്ട് ഒരധ്യാപകന് തന്റെ വിപരീത ദിശകളിലുള്ള കൈകാലുകളിൽ ലഭിച്ചത് മഴുവിന്റെ വെട്ടായിരുന്നു.

കൈപ്പത്തിയും , കാൽ പാദവും മുറിച്ചു മാറ്റപ്പെട്ട ആ മനുഷ്യന്റെ പേര് പ്രൊഫ: ടി.ജെ .ജോസഫ് എന്നായിരുന്നു.

ശത്രുവാൽ ഇടം കണ്ണും മിത്രത്താൽ വലം കണ്ണും ചൂഴ്ന്നു പോയ ഒരു മനുഷ്യന്റെ കഥ അവിടം മുതൽ ആരംഭിക്കുകയാണ്
.
2010 മാർച്ച് 19 ന് ഡിപ്പാർട്ട്മെന്റ് റൂമിലിരുന്നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം മേധാവിയായ പ്രൊഫ: ടി.ജെ ജോസഫ് പ്രസ്തുത ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കുന്നത്. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യ പേപ്പർ തയ്യാറാക്കുന്ന അവസാനദിനമായിരുന്നു അന്ന് . സാധാരണ അധ്യപകർ മുൻ വർഷത്തെ ചോദ്യപേപ്പറുകളെ ആശ്രയിക്കുമ്പോൾ ജോസഫ് മാഷ് ഒരിക്കലും ആ മാർഗ്ഗം പിൻതുടർന്നിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യ പേപ്പറുകളിലെ ഉത്തരങ്ങൾ പഠിച്ചാൽ എളുപ്പ വഴിയിൽ മാർക്ക് സ്വന്തമാക്കാൻ കഴിയും.

എഴുത്തോല ” എന്ന പാഠഭാഗത്തു നിന്നുള്ള ചോദ്യങ്ങളാണ് ജോസഫ് മാഷ് തയ്യാറാക്കി കൊണ്ടിരുന്നത്. ഭാഷാ പ്രയോഗത്തിൽ സാധാരണ കണ്ടുവരാറുള്ള തെറ്റുകൾ ഒഴിവാക്കി ശുദ്ധമായ ഭാഷാ പ്രയോഗത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതിയിൽ ചേർത്ത പാഠപുസ്തകമാണ് എഴുത്തോല ” . തെറ്റുതിരുത്തുക എന്ന തലക്കെട്ടിൽ അതിലെ പല അധ്യായങ്ങളിൽ നിന്നും അദ്ദേഹം ചോദ്യം തയ്യാറാക്കി.

ചിഹ്നനം ” എന്ന അധ്യായത്തിൽ നിന്നാണ് അടുത്ത ചോദ്യം വേണ്ടത്. പൂർണ്ണ വിരാമം, അർദ്ധവിരാമം, കോമ, ചോദ്യചിഹ്നം എന്നിങ്ങിനെ അതാതിടത്ത് ചേർക്കേണ്ട ചിഹ്നങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായമാണ് ചിഹ്നനം. ഓരോ ചിഹ്നത്തെയും കുറിച്ച് വിവരിച്ച് അതിനുള്ള ഉദാഹരണങ്ങളും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ചിഹ്നം മാത്രം പ്രയോഗിക്കാൻ വേണ്ട ചോദ്യമിട്ടാൽ പോരല്ലോ.

” താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങ
ൾ ചേർത്തെഴുതുക എന്ന ചോദ്യം എഴുതിയ ശേഷം നല്ലൊരു ഗദ്യഭാഗത്തിനായി ആലോചനയിലാണ്ടു.
വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണ് എല്ലാ ചിഹ്നങ്ങളും ചേർത്തെഴുതാൻ നല്ലതെന്നു തോന്നിയതു കൊണ്ട് അദ്ദേഹത്തിന് മനപാഠമായിരുന്ന ഒരു സംഭാഷണ ശകലം മനസ്സിൽ തെളിഞ്ഞു വന്നു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതും ബി.എ മലയാളത്തിനും എം.എ മലയാളത്തിനും റഫറൻസായി നിർദ്ദേശിച്ചിട്ടുള്ളതുമായ ഒരു ഗ്രന്ഥമാണ് “തിരക്കഥയുടെ രീതിശാസ്ത്രം . മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുടെ ലേഖനങ്ങൾ അടങ്ങിയ ഒരു സമാഹാരമായിരുന്നു അത്. പി.എം. ബിനുകുമാറാണ് സമ്പാദകൻ. പി.റ്റി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥ ” ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ എന്ന ശീർഷകത്തിലുള്ള ഒരു ലേഖനവും അതിൽ ചേർത്തിരുന്നു. അതിലുള്ള ഒരു സംഭാഷണ ഭാഗമാണ് പ്രസ്തുത ചോദ്യത്തിനായി ഉപയോഗിക്കാൻ ജോസഫ് മാഷ് തീരുമാനിച്ചത്.
തിരക്കഥക്ക് ആവശ്യമായ ഊർജ്ജവും സ്വരൂപവും നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ കണ്ടെത്താനാവുമെന്ന് കുഞ്ഞുമുഹമ്മദ് സമർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ ഗർഷോം ” എന്ന സിനിമയിൽ നായകൻ ദൈവവുമായി സംവദിക്കുന്ന സീൻ അങ്ങിനെ ഉണ്ടായതാണന്ന് തന്റെ നാട്ടിലെ ഒരു ഭ്രാന്തന്റെ കഥ പറഞ്ഞ് അദ്ദേഹം ഉദ്ധരിക്കുന്നു. ദൈവവും ഭ്രാന്തനും തമ്മിൽ ഇങ്ങിനെ ഒരു സംവാദം നടക്കുന്നു.
ഭ്രാന്തൻ: പടച്ചോനെ , പടച്ചോനെ .
ദൈവം: എന്താടാ ? നായിന്റെ മോനേ!
ഭ്രാന്തൻ: ഒരു അയില; അതു മുറിച്ചാൽ എത്ര കഷ്ണമാണ്. ?
ദൈവം : മൂന്നു കഷണമാണെന്ന് നിന്നോട്ട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ!
ഭ്രാന്തൻ തന്നെയാണ് ദൈവമായിട്ടും സംസാരിക്കുന്നത്. മൂവാറ്റുപുഴ നിർമ്മല കോളജിൽ എം.എ മലയാളത്തിൽ നാടകവും സിനിമയും എന്ന പേപ്പർ പഠിപ്പിച്ചിരുന്നതും ജോസഫ് മാഷാണ്. തിരക്കഥയെ കുറിച്ചുള്ള ക്ലാസിൽ പി.റ്റി കുഞ്ഞുമുഹമ്മദും ഭ്രാന്തന്റെ കഥയും ചർച്ചാ വിഷയമായിരുന്നു. ആധുനിക സാഹിത്യത്തിൽ കറുത്ത സാഹിത്യത്തിനുള്ള മികച്ച ഉദാഹരണമായതിനാൽ അന്നുമുതലേ ആ കഥാസന്ദർഭം മാഷിന്റെ മനസ്സിൽ കയറിക്കൂടി. വീട്ടിൽ അയല മേടിക്കുന്ന സന്ദർഭത്തിൽ പലപ്പോഴും ഈ സംഭാഷണ ഭാഗം ഉറക്കെ പറഞ്ഞ് അദ്ദേഹം അത് ആസ്വദിച്ചിരുന്നു.
ദൈവം നായിന്റെ മോനേ എന്നു വിളിക്കുന്നത് ശരിയാണോ എന്നദ്ദേഹം ചിന്തിക്കാതിരുന്നില്ല. പക്ഷേ സാഹിത്യത്തിൽ പ്രയോഗങ്ങൾ സന്ദർഭത്തിനനുസരിച്ചാണ്. മാസ്റ്റ്ർ പീസായ പല കൃതികളിലും അത്തരം പ്രയോഗങ്ങളുള്ളതാണല്ലോ –
ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം അതേപടി ചോദ്യത്തിൽ ചേർക്കാൻ അദ്ദേഹം തീരുമാനിച്ചു. മാത്രവുമല്ല നല്ല മെറിറ്റുള്ള കുട്ടികളാണ് ബി.കോം ക്ലാസിൽ പഠിക്കുന്നവർ . മത പഠന ക്ലാസിലേക്കുള്ള ചോദ്യമല്ലല്ലോ ഇത്. ദൈവവും, പിശാചും , അസുരനുമെല്ലാം സാഹിത്യ ക്ലാസിൽ കഥാപാത്രങ്ങളാണ്.
ഭ്രാന്തന്റെ കഥ നേരേ ചോദ്യമാക്കുമ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽ അദ്ദേഹം കഥാ സന്ദർഭം ഒക്കെ വിവരിച്ചാണ് ഭ്രാന്തന്റെ സംഭാഷണമൊക്കെ കൊടുത്തിരിക്കുന്നത്. അതൊന്നുമില്ലാ സംഭാഷണം മാത്രമാകുമ്പോൾ ഭ്രാന്തൻ എന്നതിനു പകരം ഒരു പേര് കൊടുക്കുകയെന്നതാണ് ഉചിതം എന്ന് അദ്ദേഹത്തിനു തോന്നി. പടച്ചോനെ എന്നു വിളിക്കുന്നത് സാധാരണ ഇസ്ലാം മതക്കാരായതിനാൽ അങ്ങിനെയൊരു പേരാണ് വേണ്ടത്. ഭ്രാന്തന്റെ കഥ പറഞ്ഞ പി.ടി കുഞ്ഞു മുഹമ്മദ് മുസ്ലീം നാമമുള്ള ആളാണല്ലോ – അങ്ങിനെ ഇനിഷ്യൽ മാറ്റി കുഞ്ഞുമുഹമ്മദ് എന്നാക്കി – അത്രയും വേണ്ട മുഹമ്മദ് . അതു മതി –
പരീക്ഷക്കു ശേഷം മൂല്യനിർണ്ണയം നടത്തി പേപ്പർ തന്റെ വിദ്യാർത്ഥികൾക്കു കൊടുക്കുമ്പോൾ ഈ ചോദ്യ ഭാഗത്തിനു പിന്നിലുള്ള കഥ ക്ലാസിൽ വിവരിക്കണമെന്ന് ആ അധ്യാപകൻ കരുതി. പക്ഷേ അതിന് ഇടയുണ്ടായില്ല. അദ്ദേഹത്തിന് അത് വിവരിക്കേണ്ടി വന്നത് കോളജ് മാനജ്‌മെന്റിനോടും പോലീസിനോടും കോടതിയോടുമായിരുന്നു.
വളരെ സ്വഭാവികമായി യാതൊരു ദുരുദ്ദേശ്യമോ വക്രതയോ കൂടാതെ ഒരു മലയാളം അധ്യാപകൻ നിർമ്മിച്ച ഈ ചോദ്യമാണ് അദ്ദേഹത്തിന്റെ ശിഷ്ടജീവിതത്തെ ക്ലേശകരമാക്കിയത്. വർഷങ്ങളുടെ സർവ്വീസുള്ള ജോസഫ് മാഷ് ധാരാളം വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ പോലും മത വിദ്വേഷം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കൈ വെട്ടിയ അക്രമികളേക്കാൾ കത്തോലിക്കനായ അദ്ദേഹത്തെ സ്വന്തം സഭക്കാർ തന്നെ തള്ളിപ്പറയുകയും ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തതായിരുന്നു ശരിയായ കടും വെട്ട്. ജയിൽ, കോടതി, അക്രമണം, ഇന്നും തുടരുന്ന പോലീസ് കാവൽ – ഭാര്യയായ സലോമിയുടെ ആത്മഹത്യ –
21 വയസ്സുള്ള മകനെ അച്ഛൻ ചെയ്ത കാര്യത്തിന് ക്രൂരമായി മൂന്നാം മുറ പ്രയോഗിച്ച പോലീസ് മാമൻമാർ .
ഒരാളുടെ കൈയ്യോ കാലോ വെട്ടുന്നത് കേരളത്തെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല.
ഒരു ചോദ്യപേപ്പറിൽ ഒരു പേര് ചേർത്തതിന്റെ പേരിൽ അക്രമികൾക്ക് നേരിട്ട് യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ ആക്രമിക്കുന്ന കേരളത്തിലെ ആദ്യ സംഭവമായിരുന്നു അത്.. അത് നന്നായി എന്ന് ഇതര മതക്കാർ വരെ കരുതിയെന്നതും ഈ സംഭത്തിൽ എടുത്തു പറയേണ്ട ഘടകമാണ്.അന്നത്തെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ” അയാൾ ഒരു മണ്ടനാണന്നാണ്.
മുഹമ്മദ് നബി എന്നെഴുതുമ്പോഴാണ് അതു പ്രവാചകൻ ആകുന്നത്. ലോകത്ത് ഏറ്റവും കൂടുതലുള്ള ഒരു പേരാണ് മുഹമ്മദ് . എത്രയോ കവർച്ചക്കാർക്കും കൊലപാതകികൾക്കും മുഹമ്മദ് എന്ന പേരുണ്ട്. ഏറ്റവും സാധാരണമായ ഒരു പേര് എഴുതിയതിന്റെ പേരിൽ കര ചരണങ്ങൾ നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ ജീവിത കഥ കേരള ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരധ്യായമാണ്. ഫാസിസം ഫാസിസം എന്ന് പതിവായി ഉരുവിടുമ്പോഴും ശരിയായ ഫാസിസം എന്തെന്ന് ആർക്കുമറിയില്ല.കാരണം അന്ന് ഘടികാരങ്ങൾ നിലക്കുന്ന സമയമാണ്. ജോസഫ് മാഷിന്റെ കാര്യത്തിൽ അത് അക്ഷരാർത്ഥത്തിൽ നടന്നു. സാംസ്കാരിക നായകൻമാർ , പുരോഗമന പാർട്ടികൾ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ എന്നിവരെല്ലാം നിശബ്ദരായി – എന്തിന് ഒരവസരത്തിനായി കാത്തിരിക്കുന്ന ബി.ജെ.പി പോലും നിശബ്ദതയിലായിരുന്നു – പിന്നീട് കാലങ്ങൾക്കു ശേഷമാണ് ഇവർക്കെല്ലാം ശബ്ദം തിരിച്ചു കിട്ടിയത്.
ജോസഫ് എന്ന മനുഷ്യൻ താണ്ടിയ ജീവിത ദുരിതങ്ങളെ കുറിച്ച് തന്റെ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.
ഭയത്തോടെയും വിറങ്ങലിച്ച മനസ്സോടെയുമല്ലാതെ ഒരു മനുഷ്യ സ്നേഹിക്ക് അതു വായിച്ചു തീർക്കാനാവില്ല……
മനുഷ്യ സ്നേഹികൾക്ക് മാത്രം –

കടപ്പാട് പോസ്റ്റ്

© 2022 Live Kerala News. All Rights Reserved.