എല്ലാ സത്യാന്വേഷികളും ‘ദ കശ്മീർ ഫയൽസ്’ കാണണം, ഇത് സമ്പൂർണ കലാസൃഷ്ടി: മോഹൻ ഭാഗവത്

ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ യഥാർത്ഥ കഥ പറയുന്ന ചലച്ചിത്രമായ ‘ദ കശ്മീർ ഫയല്‍സി’നെ പ്രകീര്‍ത്തിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്ന് ഭാഗവത് പറഞ്ഞു. സമഗ്രമായ ഗവേഷണം വഴി രൂപപ്പെടുത്തിയ ഉജ്ജ്വലമായ തിരക്കഥയാൽ സമ്പൂര്‍ണമായ കലാസൃഷ്‍ടിയാണ് ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്‍ചയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ‘ദ കശ്മീർ ഫയല്‍സി’ന്റെ സംവിധായകൻ വിവേക് അഗ്‍നിഹോത്രിയും, നടി പല്ലവി ജോഷിയും ഡൽഹിയിൽ മോഹൻ ഭാഗവത്തുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഇവരോട് സംസാരിച്ചതിന് ശേഷമാണ് ഭാഗവത്ത് ചിത്രത്തെ പ്രശംസിച്ചത്. ‘ദ കശ്മീർ ഫയല്‍സ്’ നല്ല സിനിമയാണെന്നും, എല്ലാ എംപിമാരും ചിത്രം കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ എല്ലാ ആൾക്കാരും കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്‍തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിന് പകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടന്നുവരുന്നത്. സത്യം കൃത്യമായി പുറത്ത് കൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു’ പ്രധാനമന്ത്രി ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.