ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിൽ രോഗികളുടെ എണ്ണം ഇരട്ടിയായി; ലോകം വീണ്ടും ഭീതിയുടെ നിഴലിലേക്ക്

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് കഴിഞ്ഞ ദിവസം ചൈനയിൽ രേഖപ്പെടുത്തിയത്. ഇന്ന് 3400 കേസുകളും ചൈനയിൽ രേഖപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയിൽ പ്രതിദിന കൊവിഡ് കേസുകൾ ഇരട്ടിയായി വർദ്ധിക്കുകയാണ്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നതായാണ് വിവരം. ഹോട്ട്സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഷാങ്ഹായിലെ സ്‌കൂളുകൾ അടച്ചു. പ്രമുഖ നഗരങ്ങളുടെ അതിർത്തികൾ സീൽ ചെയ്തു. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് നിലവിൽ ചൈനയിൽ വ്യാപിക്കുന്നത്.

അതേസമയം മിക്ക ലോകരാജ്യങ്ങളും കൊവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്നും മുക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. എന്നാൽ കൊവിഡ് ഉത്ഭവിച്ച ചൈനയിൽ തന്നെ വീണ്ടും രോഗവ്യാപനം വർദ്ധിക്കുന്നതിനെ ആശങ്കയോടെ ലോകം നോക്കിക്കാണുന്നത്.

© 2024 Live Kerala News. All Rights Reserved.